തിരുവനന്തപുരം: ദുരിതം വിതച്ച് നഗരത്തിൽ ഇന്നലെ കനത്ത മഴ. മണിക്കൂറുകളാണ് ഇടിമിന്നലോട് കൂടി മഴ തകർത്തുപെയ്തത്. വൈകിട്ട് അഞ്ചോടെ ആരംഭിച്ച മഴയിൽ നഗരം വെള്ളക്കെട്ടായി. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാവുകയും നിരവധി സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകുകയും ചെയ്തു. പലയിടത്തും വൈദ്യുതി മുടങ്ങി. രാത്രി വൈകിയും പല സ്ഥലങ്ങളിലും മഴ തുടർന്നു.
തമ്പാനൂർ, ഊറ്റുകുഴി ജംഗ്ഷൻ, കിഴക്കേകോട്ട, രാജാജി നഗർ, ചെങ്കൽച്ചൂള, മുറിഞ്ഞപാലം, ചാക്ക, പേട്ട, കവടിയാർ, മ്യൂസിയം, പൂജപ്പുര, ജഗതി, കഴക്കൂട്ടം തുടങ്ങി മിക്ക പ്രദേശങ്ങളിലും വലിയതോതിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് പ്രദേശവാസികളെയും യാത്രക്കാരെയും ബുദ്ധിമുട്ടിലാക്കി. തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിലടക്കം വെള്ളം കയറി. ട്രാക്കുകളിലും വെള്ളം നിറഞ്ഞു. കൊവിഡ് വ്യാപനത്തെ തുടർന്ന് ട്രെയിനുകളുടെ എണ്ണം കുറവായതിനാൽ ട്രെയിൻ സർവീസ് തടസപ്പെട്ടില്ല.
ബസ് സ്റ്റാൻഡിലും വെള്ളം കയറി. തമ്പാനൂരിൽ രണ്ട് കാറുകൾ വെള്ളക്കെട്ടിൽ അകപ്പെട്ടു. ഫയർഫോഴ്സ് എത്തിയാണ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്. രാജാജി നഗറിൽ വീടുകളിൽ വെള്ളം കയറി. വെള്ളം കയറിയ വീടുകളിലെ താമസക്കാർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി. ഇവിടെ വൈദ്യുതി ലൈൻ പൊട്ടിവീണതിനാൽ അപകടമൊഴിവാക്കുന്നതിന് വൈദ്യുതിബന്ധം വിച്ഛേദിക്കേണ്ടതായും വന്നു.
തമ്പാനൂർ ഗണപതി ക്ഷേത്രത്തിലും വെള്ളം കയറി. എസ്.എസ് കോവിൽ റോഡും വെള്ളത്തിൽ മുങ്ങി. റോഡുകളിൽ വെള്ളം കയറിയതോടെ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പുളിമൂട് മുതൽ ഓവർബ്രിഡ്ജ് വരെയുള്ള തെരുവ് വിളക്കുകൾ ഇടിമിന്നലിൽ നശിച്ചിട്ടുണ്ട്. കരമനയാറിലും കിള്ളിയാറിലും വെള്ളമുയർന്നു. നദികളോട് ചേർന്നുള്ള വീടുകളിൽ വെള്ളം കയറി. ഇടിമിന്നലിൽ നിരവധി വീടുകളിലെ ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ നിന്നുള്ള മുന്നറിയിപ്പ്.