d-g

തിരുവനന്തപുരം: 170 ഓളം കൊവിഡ് രോഗികളുള്ള കരിക്കകം വാർഡിൽ കൊവിഡിനെ പിടിച്ചുകെട്ടാനുള്ള ശ്രമത്തിലാണ് ഈ വാർഡിലെ കൗൺസിലർ ഡി.ജി. കുമാരൻ. കഴിഞ്ഞദിവസം രോഗബാധിതരായ 12 പേരുടെ വീടുകളിൽ പി.പി.ഇ കിറ്റണിഞ്ഞ് കൗൺസിലർ തന്നെ അണുനശീകരണം നടത്തിയിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ എല്ലാ രോഗബാധിതരുടെ വീടുകളിലും അണുനശീകരണം നടത്താനാണ് ഉദ്ദേശിക്കുന്നത്. കൂടാതെ നിർദ്ധനരായ രോഗബാധിതരുടെ വീടുകളിൽ പച്ചക്കറിയും പലവ്യഞ്ജനവുമടങ്ങുന്ന കിറ്റുകളുമെത്തിച്ചു. മരുന്ന് വാങ്ങാനാകാത്ത കുടുംബങ്ങൾക്ക് മരുന്ന്, ആശുപത്രിയിൽ പോകേണ്ടവർക്ക് വാഹനസൗകര്യം തുടങ്ങി നിരവധി സേവനങ്ങളാണ് കൗൺസിലറുടെ നേതൃത്വത്തിലുള്ള സംഘം ചെയ്യുന്നത്. സഹായിക്കാൻ താൽപര്യമുള്ള വ്യക്തികളുടെയും സംഘടനകളുടെയും സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. കടകംപള്ളി ഹെൽത്ത് സെന്ററിൽ ഓക്സീ മീറ്ററുകൾ വാങ്ങിനൽകുകയാണ് പ്രവർത്തനങ്ങളുടെ അടുത്തഘട്ടമെന്ന് ഡി.ജി. കുമാരൻ പറഞ്ഞു.