hospital

ആലുവ: കൊവിഡ് ചികിത്സയ്ക്ക് അമിത നിരക്ക് ഇടാക്കുന്നതിന് ഹൈക്കോടതിയും സർക്കാരും കടിഞ്ഞാൺ ഇട്ടിട്ടും ആലുവ അൻവർ ആശുപത്രിയിലെ ഫീസ് കൊള്ളക്ക് അവസാനമില്ല. ഇന്നലെ 11 ദിവസത്തെ ചികിത്സ കഴിഞ്ഞ് മടങ്ങിയ ചോറ്റാനിക്കര സ്വദേശിനിയുടെ ബന്ധുക്കളിൽ നിന്നും അൻവർ ആശുപത്രി ഈടാക്കിയത് 1,43,506 രൂപയാണ്.

ഒരു ലക്ഷം രൂപ മുൻകൂറായി വാങ്ങിയിരുന്നു. ബാക്കി 43,506 രൂപ അടച്ച ശേഷമാണ് രോഗിയെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തത്. ഒരു ദിവസം ഓക്സിജൻ ഉപയോഗിച്ചതായി ആശുപത്രി അധികൃതർ പറയുന്നു. ഇതിന് പുറമെ കൊവിഡ് പോസിറ്റീവായി വീട്ടിൽ വിശ്രമിക്കുമ്പോൾ കട്ടിലിൽ നിന്നും വീണ് തലയിൽ മുറിവേറ്റിരുന്നു. ഇവിടെ അഞ്ച് തുന്നലുകൾ ഇട്ടിട്ടുണ്ട്. ഇതാണ് കൊവിഡിന് പുറമെ അധികമുണ്ടായ ചികിത്സ. നാല് ദിവസം കഴിഞ്ഞ് തുന്നൽ നീക്കുന്നതിനായി ആശുപത്രിയിൽ മടങ്ങിയെത്തേണ്ടതിനാൽ അമിത നിരക്കിനെതിരെ പരാതി നൽകാൻ വീട്ടുകാർ ഭയപ്പെടുകയാണ്.

സി.എഫ് എന്ന ഇനത്തിൽ 38,500 രൂപയാണ് ചുമത്തിയിട്ടുള്ളത്. സി.എഫ് എന്താണെന്ന് വ്യക്തമാക്കാൻ മാദ്ധ്യമ പ്രവർത്തകർ ബന്ധപ്പെട്ടിട്ടും ആശുപത്രി അധികൃതർ തയ്യാറായില്ല. വേണമെങ്കിൽ ആശുപത്രിയിലെ അക്കൗണ്ട്സിൽ നേരിട്ടെത്തി തിരക്കാനായിരുന്നു പി.ആർ.ഒയുടെ മറുപടി.

നഴ്‌സിംഗ് ചാർജ് എന്ന പേരിൽ 22000 രൂപയുണ്ട്. മരുന്നിന് 17156 രൂപയാണെങ്കിൽ മെഡിക്കൽ ചാർജ് എന്ന പേരിൽ 22000 രൂപയുമുണ്ട് ബില്ലിൽ. കൊവിഡ് ചികിത്സാ നിരക്ക് ഏകീകരിച്ച് സർക്കാർ വിജ്ഞാപനം ഇറങ്ങിയിട്ടും ഇതാണ് സ്ഥിതിയെന്ന് രോഗികൾ പറയുന്നു. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നും ചികിത്സ തേടിയ രോഗികളുടെ ബന്ധുക്കളുടെ പരാതിയിലും ഇതേ ആശുപത്രിക്കെതിരെ ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്.