കല്ലറ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മറ്റിടങ്ങളിൽ വിപുലമാക്കുമ്പോൾ പാങ്ങോട് പഞ്ചായത്തിലെ ഏക സർക്കാർ ആശുപത്രിയായ ഭരതന്നൂർ കുടുംബാരോഗ്യകേന്ദ്രം പരാധീനതകൾക്ക് നടുവിൽ. അര നൂറ്റാണ്ടിലധികം പഴക്കമുള്ളതാണ് ഈ ആശുപത്രി.
മലയോര മേഖലയിലെ തോട്ടം തൊഴിലാളികളും പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരും ഏറെയുള്ള പ്രദേശമാണിത്. കുടുംബാരോഗ്യ കേന്ദ്രത്തിൽ രണ്ട് ഡോക്ടർമാർ വേണമെന്നിരിക്കെയാണ് ഈ അലംഭാവം. ഇത് സംബന്ധിച്ച് പഞ്ചായത്തിൽ നിന്നും നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും ഫലം കണ്ടിട്ടില്ല. വാക്സിൻ നൽകൽ, കിടപ്പു രോഗികളെ പരിശോധിക്കൽ, വിവിധ മീറ്റിങ്ങുകളിൽ പങ്കെടുക്കൽ തുടങ്ങിയുള്ള ആവശ്യങ്ങൾക്കായി ഡോക്ടർ പോയാൽ പിന്നെ ചികിത്സയ്ക്ക് വരുന്നവർ കഷ്ടപ്പെടും. ഇവർക്ക് സ്വകാര്യമേഖലയെ ആശ്രയിക്കേണ്ട ഗതികേടിലാണ്. കൊവിഡ് വ്യാപനം ശക്തമായ പാങ്ങോട് പഞ്ചായത്തിൽ പതിമൂന്നോളം വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായിരുന്നു. കൂടാതെ കൊവിഡ് രോഗികളെ കിടത്തുന്നതിന് വേണ്ടിയുള്ള ഡൊമിസിലിയറി കെയർ സെന്ററിന്റെ പ്രവർത്തനത്തിനും ഡോക്ടറുടെ സേവനം ആവശ്യമാണ്. ഡോക്ടറുടെ ആവശ്യകതയെ സംബന്ധിച്ച് ആരോഗ്യവകുപ്പ് അധികൃതർക്ക് പഞ്ചായത്ത് നിരവധി തവണ അറിയിപ്പുകൾ നൽകി. കഴിഞ്ഞദിവസം പഞ്ചായത്തിൽ രൂപവത്കരിച്ച കോർ കമ്മിറ്റിയിലും ഡോക്ടർ ഇല്ലാത്ത വിഷയം ചർച്ചയ്ക്ക് വന്നു. അടിയന്തരമായി രണ്ട് ഡോക്ടർമാരെയും സ്റ്റാഫ് നഴ്സുമാരെയും ആവശ്യത്തിന് ജീവനക്കാരെയും നിയമിച്ച പ്രതിസന്ധി പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രശ്നം
ഒരൊറ്റ ഡോക്ടർ മാത്രമേയുള്ളൂ. സ്റ്റാഫ് നഴ്സ് ഇല്ല. കൊവിഡ് വാക്‌സിൻ ഉൾപ്പെടെയുള്ളവ നൽകുന്നതും ആന്റിജൻ, ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തുന്നതും ജെ.പി.എച്ചുമാരാണ്.