പേരാമ്പ്ര: കൊവിഡ് 19 വ്യാപനം തീവ്രമായ കോഴിക്കോട് ജില്ലയുടെ കിഴക്കൻ ഗ്രാമ മേഖലകളിൽ ഉൾപെടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി. ചക്കിട്ടപാറ, ചങ്ങരോത്ത്, കൂത്താളി, നൊച്ചാട്, ചെറുവണ്ണൂർ, മേപ്പയ്യൂർ, കായണ്ണ, കൂരാച്ചുണ്ട്, പേരാമ്പ്ര തുടങ്ങിയ പഞ്ചായത്ത് പ്രദേശങ്ങളിൽ ശക്തമായ പ്രവർത്തനങ്ങളാണ് നടക്കുന്നത്.
കിഴക്കൻ മലയോരത്തെ ജനങ്ങളുടെ ആശാ കേന്ദ്രമായ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ഓക്സിജൻ കോൺസൺട്രേറ്റർ ലഭ്യമാക്കി. നൊച്ചാട് ഗ്രാമപഞ്ചായത്ത് ആരംഭിച്ച കൊവിഡ് കെയർ പ്രവർത്തനങ്ങളിൽ സഹായ ഹസ്തവുമായി നാട്ടുകാരും പങ്കാളികളായി. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന വാഹനം കോടേരിച്ചാൽ ശ്രദ്ധ പാലിയേറ്റിവ് പേരാമ്പ്ര പഞ്ചായത്ത് കൺട്രോൾ റൂമിന് നൽകി. വാഹനത്തിന്റെ താക്കോൽ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് ഏറ്റുവാങ്ങി. കൊവിഡ് ബാധിച്ചവരുടെ വീടും പൊതു ഇടങ്ങളായ വായനശാല, സ്‌ക്കൂൾ എന്നിവിടങ്ങൾ എരവട്ടൂർ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിൽ അണുവിമുക്തമാക്കി.
ആരോഗ്യ വകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ശുചീകരിച്ചത്. ഡെങ്കിപനി സ്ഥിരീകരിച്ച മാട്ടനോട് പ്രദേശത്ത് കായണ്ണ ഗ്രാമപഞ്ചായത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ശുചീകരണ പ്രവർത്തനവും അണുനശീകരണം ഫോഗിംഗ്, കിണറുകളിൽ ക്ലോറിനേഷൻ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. ശുചീകരണ പ്രവർത്തി പ്രസിഡന്റ് സി.കെ. ശശി ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം പേരാമ്പ്രയിൽ മൊബെൽ മെഡിക്കൽ യൂണിറ്റ് പ്രവർത്തനം തുടങ്ങും. ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും തീരുമാനിച്ചു. ഇതനുസരിച്ച് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൊവിഡ് കൺട്രോൾ റൂം പ്രവർത്തിപ്പിക്കും.10 ബെഡുകൾ ഉള്ള കൊവിഡ് സെന്റർ താലൂക്ക് ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കാഷ്വാലിറ്റിയിലെ ഡോക്ടർമാരുടെ സേവനവും മുഴുവൻ സമയം ഉറപ്പ് വരുത്തി. അത്യാവശ്യ ഘട്ടത്തിൽ 20 ബെഡുകൾ കൂടി സജീകരിക്കും. മുഴുവൻ സമയവും നഴ്സിംഗ് സൗകര്യവും ഏർപ്പെടുത്തി. അത്യാവശ്യമായ ക്ലീനിംഗ് സ്റ്റാഫിനേയും നിശ്ചയിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്‌ക് പ്രവർത്തനം ആരംഭിച്ചു. കൊവിഡ് രോഗികൾക്കായി കൗൺസിലിംഗ് സെന്റർ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ ആരംഭിക്കുന്നുണ്ട്. ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മൊബൈൽ മെഡിക്കൽ യൂണിറ്റ് അടിയന്തിരമായി പ്രവർത്തനം തുടങ്ങും. താലൂക്ക് ആശുപത്രിയിൽ ഓക്സിജൻ കോൺസൺട്രേറ്റർ ലഭ്യമാക്കി.