കാലം കാത്തുവച്ച നിയോഗത്തിനു മുന്നിൽ കേരളം കേട്ട ഏറ്റവും കനത്ത സ്‌ത്രീ ശബ്ദത്തിനുടമയായ കെ. ആർ. ഗൗരിഅമ്മ നിശബ്ദയായി യാത്രയായിരിക്കുന്നു. ഒരിക്കലും നിശബ്ദമാക്കാനാവാത്ത ഒരു ചരിത്രത്തെ അവശേഷിപ്പിച്ചുകൊണ്ട്.
ചരിത്രം വഴിമാറ്റുന്നവർ സമൂഹത്തിൽ അനേകമുണ്ട്. അവർക്കിടയിൽ ചരിത്രത്തെ വഴിമാറ്റിക്കടന്നുപോയ ധീരവനിതയാണ് ഗൗരിഅമ്മ. രാഷ്ട്രീയത്തെ ജീവിതമാക്കിയും ജീവിതത്തെ രാഷ്ട്രീയമാക്കിയും ഒരു രാഷ്ട്രീയ അദ്വൈതത്തിന്റെ ബോധമുണർത്തി കേരളത്തെ ഇത്രയധികം ആവേശപ്പെടുത്തിയ മറ്റൊരു സ്‌ത്രീരത്നമില്ല. ഉരുകിത്തിളച്ച് ഉറഞ്ഞ ലോഹത്തിന്റെ കടുപ്പത്തെക്കാൾ കടുപ്പമേറിയതായിരുന്നു ഗൗരിഅമ്മയുടെ രാഷ്ട്രീയ മീമാംസ. അധികാരത്തിന്റെ തിളക്കത്തെക്കാൾ അധികാരം ജനനന്മയ്ക്കായി സമർപ്പിച്ച് ലളിതമാക്കി എന്നതാണ് ഗൗരിഅമ്മയെ മറ്റേതൊരു രാഷ്ട്രീയ നേതാവിനെക്കാൾ ഉയരത്തിലെത്തിക്കുന്നത്. അതിനുള്ള നിരവധി ഉദാഹരണങ്ങളിൽ ഒന്നുമാത്രമാണ് ഭൂപരിഷ്കരണ നിയമം. സമൂഹത്തിന്റെ എല്ലാ രംഗത്തും പിന്തള്ളപ്പെട്ട് കിടന്നിരുന്ന പിന്നാക്ക ജനവിഭാഗത്തിൽ നിന്നും ഒരു രാഷ്ട്രീയനക്ഷത്രമായി ഉദയം ചെയ്ത് സമൂഹത്തിന്റെ മുൻനിരയിലെത്തിയ ഗൗരിഅമ്മയുടെ ജീവിതം രാഷ്ട്രീയത്തിന്റെ സമാനതയില്ലാത്ത ഒരു വേദഗ്രന്ഥമാണ്. അറിയാനും അറിയിക്കാനുമുള്ളതാണ് ഗൗരിഅമ്മയുടെ സംഭവബഹുലമായ ജീവിതം. കൊടിയ പീഡനവും ത്യാഗവും സഹിച്ച് മറ്റുള്ളവർക്കായി സ്വന്തം ജീവിതത്തെ സമർപ്പിച്ച് ഒരു കടലോളമെത്തിച്ച ധീരമഹിതയാണ് അവർ.
ഉറച്ച പാറയെക്കാൾ ഉറപ്പേറിയതായിരുന്നു ഗൗരിഅമ്മയുടെ നിലപാടുകൾ. അതിലൊരു വിള്ളൽ വീഴ്‌ത്താനോ ഇടപെടൽ നടത്താനോ അവർ ആരെയും - ജീവിതപങ്കാളിയായെത്തിയ ടി.വി. തോമസിനെപ്പോലും - അനുവദിച്ചിരുന്നില്ല. അത്രയും ആത്മധൈര്യമുണ്ടായിരുന്ന - ദൃഢബോധ നിശ്ചയമുണ്ടായിരുന്ന ഒരു വനിതയെ ഗൗരിഅമ്മയിലല്ലാതെ കേരളം ഒരുപക്ഷേ ഭാരതം തന്നെ കണ്ടിട്ടില്ലെന്നു പറയാം. അങ്ങനെ ഉരുകാത്തൊരു മനസിന്റെ ഉടമയായിരുന്നു ഗൗരിഅമ്മ. ആ മനസിന് എപ്പോഴെങ്കിലും ഇളക്കമുണ്ടായിട്ടുണ്ടെങ്കിൽ അത് ഗുരുദേവതൃപ്പാദങ്ങളുടെ പാവനസ്‌മരണയ്ക്ക് മുന്നിൽ മാത്രമായിരുന്നു. ഗുരുചിന്തകളോട് അത്രമാത്രം തന്റെ മനോബുദ്ധികളെ അവർ ഇണക്കി പ്രസരിപ്പിച്ചിരുന്നു. അതാകട്ടെ അന്ധമായ ഭക്തിയുടെ പേരിലായിരുന്നില്ല. മറിച്ച് ബോദ്ധ്യമായ വിശ്വാസത്തിന്റെ നേരിലായിരുന്നു.
തൃപ്പാദങ്ങളുടെ ദൈവദശകം ചൊല്ലിയും കേട്ടും വളർന്ന ബാല്യമായിരുന്നു ഗൗരിഅമ്മയുടേത്. ചേർത്തലയിൽ കൂടെകൂടെ സന്ദർശനം നടത്താറുണ്ടായിരുന്ന തൃപ്പാദങ്ങൾ പട്ടണക്കാട്ടെത്തുമ്പോൾ ചിലയവസരങ്ങളിൽ കളത്തിൽ പറമ്പിൽ ഭവനത്തിലും വിശ്രമിച്ചിട്ടുണ്ട്. ഗുരുഭക്തനായിരുന്ന അവിടുത്തെ ഗൃഹസ്ഥൻ കെ.എ. രാമന്റെ ഏഴാമത്തെ പുത്രിയായിട്ടാണ് ഗൗരിഅമ്മ ജനിച്ചത്. അക്കാലത്ത് തിരുവല്ലയിലെ കവിയൂരിൽ സാമൂഹികനീതി നിഷേധിക്കപ്പെട്ട് ജീവിതം ഏറെ ദുസഹമായിത്തീർന്നിരുന്ന ഒരു വിഭാഗമുണ്ടായിരുന്നു. ഈഴവ ക്രിസ്‌ത്യാനികൾ എന്ന് സ്വജനങ്ങളാൽ പരിഹസിക്കപ്പെട്ടിരുന്ന അവരുടെ ഉന്നമനത്തിനായി തൃപ്പാദങ്ങൾ കവിയൂരിലെത്തിയ 1919 ജൂലായ് മാസത്തിലാണ് ഗൗരിഅമ്മയുടെയും ജനനം. കളവങ്കോടത്ത് തൃപ്പാദങ്ങൾ കണ്ണാടി പ്രതിഷ്ഠിക്കാനെത്തുമ്പോൾ ഗൗരിഅമ്മയ്ക്ക് എട്ടുവയസാണ് പ്രായം. ആ ചരിത്രദിനത്തെപ്പറ്റി പില്‌ക്കാലത്ത് ഗൗരിഅമ്മ ആവേശപൂർവം പറഞ്ഞു കേട്ടിട്ടുണ്ട്. അന്നേ മനസിലുറച്ചതാണ് ഗുരുവിനോടുള്ള ഗൗരിഅമ്മയുടെ ഭക്ത്യാദരം.
സാമൂഹിക നീതിക്കു വേണ്ടി സ്‌ത്രീവിമോചനത്തിനും മുന്നേറ്റത്തിനും വേണ്ടി വിട്ടുവീഴ്ചയില്ലാതെ നിലകൊള്ളാനും പോരാടാനും ഗൗരിഅമ്മയെ പാകപ്പെടുത്തിയതിനു പിന്നിൽ തൃപ്പാദങ്ങളുടെ നീതിബോധവും സന്ദേശങ്ങളും സാമൂഹിക നവോത്ഥാനവും ചെലുത്തിയ സ്വാധീനം നിർണായകമാണ്. ശിവഗിരിമഠവുമായി എക്കാലവും ആത്മബന്ധം പുലർത്തിയിരുന്ന ഗൗരിഅമ്മ കൃഷിമന്ത്രിയായിരിക്കുമ്പോൾ മഠത്തിൽ നടപ്പാക്കാവുന്ന പല പദ്ധതികളും അനുഭാവപൂർവം പരിഗണിച്ചിരുന്നു. കേരള രാഷ്ട്രീയ നവോത്ഥാനമണ്ഡലത്തിൽ എക്കാലവും ഗൗരിഅമ്മ സ്ത്രീ വിമോചനത്തിന്റെ, സ്‌ത്രീ സ്വാതന്ത്ര്യത്തിന്റെ, സ്ത്രീ മുന്നേറ്റത്തിന്റെ മഹിതസന്ദേശമായി നിലകൊള്ളുമെന്നതിൽ പക്ഷാന്തരമില്ല. 'ആ ചൂണ്ടുവിരലോളം വളർന്നീലല്ലോ ഞങ്ങൾ" എന്ന വൈലോപ്പിള്ളിയുടെ ഗുരുസന്നിധിയിലെ കവിതാവചനം പോലെ ഗൗരിഅമ്മയെ ചൂണ്ടിയും ഇന്നത്തെ പുതുരാഷ്ട്രീയതലമുറയോട് പറയാം ആ ചൂണ്ടുവിരലോളം വളർന്നീലല്ലോ ഞങ്ങൾ. ഗൗരിഅമ്മയുടെ സ്മരണക്കു മുന്നിൽ ശിവഗിരിമഠത്തിന്റെ പ്രാർത്ഥനയും ആദരവും.