പാലക്കാട്: വ്യവസായ സ്ഥാപനങ്ങൾക്ക് ഷട്ടർ വീണതോടെ ആശങ്കയിലായിരിക്കുകയാണ് ജില്ലയിലെ അന്യസംസ്ഥാന തൊഴിലാളികൾ. കഞ്ചിക്കോട് നിന്നുൾപ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒരാഴ്ചക്കിടെ ആയിരക്കണക്കിന് തൊഴിലാളികളാണ് സ്വന്തം നാട്ടിലേക്ക് മടങ്ങിയത്. സംസ്ഥാനത്തെ എറ്റവും വലിയ രണ്ടാമത്തെ വ്യവസായ മേഖലയായ കഞ്ചിക്കോട് 600ഓളം വ്യവസായ ശാലകളുണ്ട്. ഇതിൽ അറുപതോളം യൂണിറ്റുകൾ അവശ്യവസ്തുക്കളുടെ നിർമ്മാണവുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്. അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങിയതും പുതുശേരി മേഖലയിൽ അതിതീവ്ര വ്യാപനം റിപ്പോർട്ട് ചെയ്തതും കഞ്ചിക്കോട്ടെ വ്യവസായ മേഖലയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്.
കഴിഞ്ഞ തവണത്തെ സമ്പൂർണ ലോക്ക് ഡൗണിൽ ഈ മേഖലയിലെ ബ്രഡ്, ബിസ്‌ക്കറ്റ് നിർമ്മാണ കമ്പനികൾ നല്ലരീതിയിൽ പ്രവർത്തിച്ചിരുന്നു. ഇത്തവണയും അത് തുടരാനാവുമെന്ന പ്രതീക്ഷയിലാണ് കമ്പനി അധികൃതരെങ്കിലും തൊഴിലാളി ക്ഷാമവും അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത കുറവും തിരിച്ചടിയാകുമെന്ന ആശങ്കയുണ്ട്.
കഞ്ചിക്കോട് ചെറുതും വലുതുമായി 600ലേറെ കമ്പനികളുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കമ്പനികൾക്ക് ലോക്ഡൗൺ ഇളവുകളുണ്ടെങ്കിലും ജീവനക്കാരുടെ കുറവ് മൂലം ഷിഫ്റ്റ് വെട്ടിക്കുറച്ച് ഭാഗികമായാണ് പലതും പ്രവർത്തിക്കുന്നത്. ഉത്പാദനത്തിന് അനുസരിച്ച് വിപണിയില്ലാതായാൽ വ്യവസായ സ്ഥാപനങ്ങൾ പൂർണമായും അടച്ചിടേണ്ട അവസ്ഥയുണ്ടാകുമെന്നാണ് കമ്പനിയുടമകൾ പറയുന്നത്. ഇതോടെ തൊഴിലാളികളെ സംരക്ഷിക്കുന്നത് പല സ്ഥാപനങ്ങൾക്കും വലിയ ബാദ്ധ്യതയായേക്കും. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനുള്ള ആശുപത്രി ഉപകരണങ്ങൾ, സാനിറ്റൈസർ തുടങ്ങിയവ കഞ്ചിക്കോട് വ്യവസായ മേഖലയിലാണ് നിർമ്മിക്കുന്നത്. ജീവനക്കാരില്ലാതെ പലരും പ്രവർത്തനം ഭാഗികമായി നിർത്തിയ സ്ഥിതിയാണ്. അയൽ സംസ്ഥാനങ്ങളിലും ലോക്ഡൗണായതോടെ അസംസ്‌കൃത വസ്തുക്കളുടെ വരവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
ലേബർ ക്യാമ്പുകളിൽ സപ്ലൈകോയുടെ നേതൃത്വത്തിൽ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യുമെന്ന് ലേബർ കമ്മിഷണർ പറഞ്ഞു. തൊഴിലാളികൾക്ക് ലേബർ വകുപ്പ് സജ്ജമാക്കിയ കൺട്രോൾ റൂമിൽ ബന്ധപ്പെട്ട് ഭക്ഷ്യകിറ്റ് ആവശ്യപ്പെടാം. തൊഴിൽ വകുപ്പാണ് ഇത് ഏകോപിപ്പിക്കുക. തൊഴിലാളികളുടെ ആശങ്കയകറ്റാൻ അവരുടെ ഭാഷയിൽ സന്ദേശങ്ങൾ പ്രചരിപ്പിക്കാനുള്ള നടപടികളും ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.
ഈ മേഖലയിലെ തൊഴിലാളികൾക്ക് വാളയാറിലും കൊഴിഞ്ഞാമ്പാറയിലും കൊവിഡ് പരിശോധന നടത്താൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ക്വാറന്റൈൻ സെന്റർ, ഡൊമിസിലയറി കെയർ സെന്റർ (ഡി.സി.സി)എന്നിവയും ഒരുക്കിയിട്ടുണ്ട്. കൊഴിഞ്ഞാമ്പാറ നാട്ടുകൽ ഗവ. ആർട്സ് കോളജിലെ വനിത ഹോസ്റ്റലിലാണ് ഡൊമിസിലിയറി കെയർ സെന്റർ സജ്ജമാക്കിയത്. 76 ബെഡുകളാണ് ഇവിടെയുള്ളത്. കൊവിഡ് രോഗികളുമായി സമ്പർക്കമുള്ളവർക്കും രോഗലക്ഷണങ്ങൾ ഉള്ളവർക്കുമായി പുതുശ്ശേരി പഞ്ചായത്തിൽ ക്വാറന്റൈൻ സെന്റർ ഒരുക്കിയിട്ടുണ്ട്. വട്ടപ്പാറയിൽ ഒരു സ്വകാര്യ കെട്ടിടമാണ് ഇതിനായി ഏറ്റെടുത്തിരിക്കുന്നത്. 90 ബെഡുകൾ ഇവിടെയുണ്ടെന്നും അധികൃതർ അറിയിച്ചു.