തിരുവനന്തപുരം: ലോക നഴ്സസ് ദിനത്തിൽ നഴ്സുമാർക്ക് ആശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലെ നിർണായക സാന്നിദ്ധ്യമാണ് നഴ്സുമാർ. അവരുടെ ത്യാഗവും സേവന സന്നദ്ധതയും എന്നത്തെക്കാളും അനിവാര്യമായ ഘട്ടമാണിത്. സംസ്ഥാനത്ത് മാത്രമല്ല ലോകമെമ്പാടും സേവനമനുഷ്ഠിക്കുന്ന മലയാളി നഴ്സുമാരോട് പ്രത്യേകം നന്ദി പറയുകയാണ്. രാജ്യത്തെ നഴ്സിംഗ് കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 20 ലക്ഷം നഴ്സുമാരിൽ 18 ലക്ഷവും കേരളത്തിൽ നിന്നുള്ളവരാണ്. അഭിമാനകരമായ നേട്ടമാണിത്.
സ്വജീവൻ പണയംവച്ച് മറ്റൊരാളുടെ ജീവൻ സംരക്ഷിക്കാൻ പോരാടേണ്ടി വരുന്നവരാണ് നഴ്സുമാർ എന്ന് ഈ കാലം നമ്മെ ഒന്നുകൂടി ഓർമ്മിപ്പിക്കുകയാണ്. അത് തിരിച്ചറിഞ്ഞ് കൂടുതൽ പിന്തുണ നഴ്സുമാർക്ക് നൽകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.