വിതുര: അരുവിക്കര നിയോജക മണ്ഡലത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നിയുക്ത എം.എൽ.എ ജി.സ്റ്റീഫൻ. 'കൂടെ, അരികിലായി അരുവിക്കര' എന്ന അതിജീവനപദ്ധതി ആവിഷ്ക്കരിച്ചാണ് മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലായി വിവിധ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്. മണ്ഡലത്തിലെ മിക്ക പഞ്ചായത്തുകളിലും കൊവിഡ് വ്യാപനം രൂക്ഷമാണ്. ഇത് മുൻനിറുത്തിയാണ് എം.എൽ.എ സജീവമായി രംഗത്തിറങ്ങിയത്.
മണ്ഡലത്തിലെ കിടപ്പ് രോഗികൾക്കും ക്വാറന്റൈനിലുള്ളവർക്കും സൗജന്യ മരുന്നും കൗൺസിലിങ്ങും നൽകുക, വൈദ്യസേവനം ഏർപ്പെടുത്തുക, പ്രതിരോധ മരുന്നുകൾ നൽകുക, വോളന്റിയർ സേവനം ഉറപ്പാക്കുക തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്.
വളർത്തു മൃഗങ്ങൾക്കുള്ള മരുന്ന്, വെറ്ററിനറി ഡോക്ടറുടെ സേവനം എന്നിവ ലഭ്യമാക്കുകയും പദ്ധതി വിഭാവനം ചെയ്യുന്നു. അരുവിക്കര നിയോജകമണ്ഡല തല ഉദ്ഘാടനം വിതുര പഞ്ചായത്തിലെ ചെമ്പിക്കുന്ന് ആദിവാസി ഊരിൽ നടന്നു. നിയുക്ത എം.എൽ.എ ജി.സ്റ്റീഫനും, കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ കെ.എസ്.സുനിൽ കുമാറും ചേർന്ന് മരുന്നുകൾ കൈമാറി. വിതുര ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജുഷ. ജി.ആനന്ദ്, സി.പി.എം വിളപ്പിൽ ഏരിയ സെക്രട്ടറി സുകുമാരൻ, വിതുര ലോക്കൽ സെക്രട്ടറി എസ്.എൻ. അനിൽ കുമാർ, ഡി.വൈ.എഫ്.ഐ. ജില്ലാ എക്സിക്യുട്ടീവ് അംഗം വി.വി. അനിൽ എന്നിവർക്കൊപ്പം ഡോക്‌ടർമാരുൾപ്പടെയുള്ള ആരോഗ്യ സന്നദ്ധ പ്രവർത്തകരും പങ്കെടുത്തു.