വെഞ്ഞാറമൂട്: നിരവധി അബ്കാരി - ക്രിമിനൽ കേസുകളിൽ പ്രതിയായ വെഞ്ഞാറമൂട് ദീപാ നഗർ വരുൺ നിവാസിൽ കൈത ബിജു എന്നു വിളിക്കുന്ന ബിജുവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ലോക്ക് ഡൗണിന്റെ മറവിൽ വില്പനയ്ക്കായി ചാരായം നിർമ്മിച്ച കേസിലാണ് വാമനപുരം എക്സൈസ് ഇൻസ്‌പെക്ടർ ജി. മോഹൻകുമാറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം ഇയാളെ അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. വെഞ്ഞാറമൂട് വാവുക്കോണം ഭാഗത്ത് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ ആളൊഴിഞ്ഞ വീട്ടിൽ നിന്നും ചാരായവാറ്റ് പിടികൂടുകയായിരുന്നു. എക്സൈസ് ഇൻസ്പക്ടർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ സ്ഥലത്ത് നിന്നും 25 ലിറ്റർ ചാരായവും, 750 ലിറ്റർ കോടയും, 25000ത്തോളം രൂപയുടെ വാറ്റുപകരണങ്ങളും കണ്ടെടുത്തു. ഗ്യാസ് അടുപ്പുപയോഗിച്ച് വാണിജ്യാടിസ്ഥാനത്തിൽ നടത്തിവന്ന ചാരായവാറ്റാണ് എക്സൈസ് സംഘം ഇവിടെ നിന്നും കണ്ടെത്തിയത്. എക്സൈസ് സംഘത്തെ കണ്ട് സംഭവ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ട ബിജുവിനെ ഇന്നലെ പുലർച്ചെ കോട്ടുകുന്നത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. സംഘത്തിൽ ഉൾപ്പെട്ടിട്ടുള്ള കൂടുതൽപേക്കുവേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി എക്സൈസ് ഇൻസ്‌പെക്ടർ പറഞ്ഞു. പ്രിവന്റീവ് ഓഫീസർമാരായ ബിനു താജുദ്ദീൻ, പി.ഡി. പ്രസാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ സ്നേഹേഷ്, അനിരുദ്ധൻ, സജീവ് കുമാർ, അനീഷ്, ഡ്രൈവർ സലിം എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.