വിതുര: അകാലത്തിൽ പൊലിഞ്ഞ സബ് ഇൻസ്പെക്ടറും സാമൂഹിക, സാംസ്കാരിക പ്രവർത്തകനും, പാരലൽകോളേജ് പ്രിൻസിപ്പലുമായിരുന്ന വിതുര ചായം കൈതക്കുഴിയിൽ കെ.ജെ. ഉണ്ണികൃഷ്ണന്റെ (53) മൃതദേഹം തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രിയിൽ നടന്ന പരിശോധനകൾക്ക് ശേഷം ഇന്നലെ ഉച്ചക്ക് കരകുളം കാച്ചാണിയിലുള്ള വീട്ടുവളപ്പിൽ സംസ്കരിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങ്. പരേതനായ വിതുര ചായം കൈതക്കുഴി ജനാർദ്ദനൻ നായരുടെ മകനാണ്. തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത് സബ്ഇൻസ്പെക്ടറായി ജോലി നോക്കുന്ന ഉണ്ണികൃഷ്ണൻ കരകുളം കാച്ചാണിയിലാണ് താമസിച്ചിരുന്നത്. ചൊവ്വാഴ്ച ഉച്ചക്ക് വീട്ടുവളപ്പിൽ കൃഷിപ്പണി ചെയ്യവേ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ പേരൂർക്കട ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മികച്ച പൊലീസ് ഉദ്യോഗസ്ഥൻകൂടിയായ ഉണ്ണികൃഷ്ണന് അനവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഉണ്ണികൃഷ്ണന്റെ അകാലനിര്യാണത്തിൽ ചായം ശ്രീ ഭദ്രകാളിക്ഷേത്രകമ്മിറ്റി യോഗം അനുശോചനം രേഖപ്പെടുത്തി.