തിരുവനന്തപുരം: ജില്ലയിൽ ചൊവ്വാഴ്ച പെയ്‌ത ശക്തമായ മഴയിൽ കനത്ത നാശനഷ്ടം. മഴയ്‌ക്കൊപ്പമുണ്ടായ ഇടിമിന്നലേറ്റ് ഒരു മത്സ്യത്തൊഴിലാളി മരിച്ചു. വിവിധ സ്ഥലങ്ങളിലായി രണ്ട് വീടുകൾ പൂർണമായും 26 വീടുകൾ ഭാഗികമായും നശിച്ചു.

തിരുവനന്തപുരം താലൂക്കിൽ ഒരു വീട് പൂർണമായും 10 എണ്ണം ഭാഗികമായും, വർക്കല താലൂക്കിൽ ഒരു വീട് പൂർണമായും രണ്ട് വീടുകൾ ഭാഗികമായും, നെയ്യാറ്റിൻകര താലൂക്കിൽ 14 വീടുകൾ ഭാഗികമായും തകർന്നു.

അതിശക്തമായ മഴയിൽ നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയിരുന്നു. ജഗതി കണ്ണേറ്റുമുക്ക് പീപ്പിൾസ് നഗറിലെ പ്രഭാകരൻ നായരുടെ വീട് പൂർണമായി തകർന്നു. പ്രഭാകരൻ നായരും ഭാര്യയും തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്. റവന്യൂ അധികൃതരുടെ നേതൃത്വത്തിൽ വെള്ളക്കെട്ട് നിവാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി, ജില്ലയിൽ നിലവിൽ ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമുണ്ടായിട്ടില്ലെന്നും വരും ദിവസങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ടെന്നും ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു.

ക്യാമ്പുകൾ തുറക്കേണ്ടിവന്നാൽ ഉപയാഗിക്കാൻ കെട്ടിടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ കർശന കൊവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനും ക്രമീകരണങ്ങളായി. കൊവിഡ് പോസിറ്റിവായവരെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ ഡൊമിസിലിയറി കെയർ സെന്ററുകളിലേക്ക് മാറ്റുമെന്നും കളക്ടർ പറഞ്ഞു.

വെള്ളം ഒഴുക്കിക്കളഞ്ഞു

ഒറ്റമഴയിൽ മുങ്ങിയ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് തൊഴിലാളികൾ ഏറെനേരം പണിപ്പെട്ടാണ് വെള്ളം പുറത്തേക്ക് ഒഴുക്കിക്കളഞ്ഞ്. ടിക്കറ്റ് കൗണ്ടറിലടക്കം മുട്ടോളം വെള്ളംകയറിയത് ജീവനക്കാരെ ബുദ്ധിമുട്ടിലാക്കി. ട്രാക്കിലടക്കം വെള്ളം പൊങ്ങിയെങ്കിലും താത്കാലിക സംവിധാനമൊരുക്കി ട്രെയിനുകൾ വൈകാതെ റെയിൽവേ അധികൃതർ ഗതാഗതം സുഗമമാക്കി. എങ്കിലും കൂടുതൽ മഴയെത്തിയാൽ താത്കാലിക സംവിധാനങ്ങൾ പാളുമെന്ന ആശങ്കയുണ്ട്. സ്റ്റേഷന് സമീപമുള്ള ആമയിഴഞ്ചാൻ തോട് കരകവിഞ്ഞതോടെയാണ് ട്രാക്കിലും സ്റ്റേഷനിലും വെള്ളം കയറിയത്. ഓടകൾ അടഞ്ഞുകിടക്കുന്നതും മഴക്കാല പൂർവ ശുചീകരണം പാളിയതും വെള്ളക്കെട്ടിന് ആക്കം കൂട്ടിയെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.

മഴക്കെടുതി, സ്ഥലങ്ങൾ സന്ദർശിച്ച്

നിയുക്ത എം.എൽ.എ

മഴക്കെടുതി രൂക്ഷമായ തമ്പാനൂർ, കിഴക്കേകോട്ട, ജഗതി, ആറന്നൂർ, രാജാജി നഗർ എന്നിവിടങ്ങൾ നിയുക്ത എം.എൽ.എ ആന്റണി രാജു സന്ദർശിച്ചു. രാജാജി നഗറിൽ ജനങ്ങൾക്ക് ഭീഷണിയായി നിൽക്കുന്ന കൂറ്റൻ മരം മുറിക്കണമെന്ന ആവശ്യം ജില്ലാഭരണകൂടത്തെ അറിയിച്ചെന്നും നഗരസഭയുമായി ബന്ധപ്പെട്ട് അടഞ്ഞുകിടക്കുന്ന ഓടകൾ വൃത്തിയാക്കി വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണാന്തുറയിലെ കമ്മ്യൂണിറ്റി കിച്ചൺ സന്ദർശിച്ച ആന്റണി രാജു അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തി.