aswathiyude-veedu-vellam-

കല്ലമ്പലം: കഴിഞ്ഞ ദിവസം രാത്രിയിൽ പെയ്ത കനത്ത മഴയിൽ കല്ലമ്പലം മേഖലയിൽ വ്യാപക നാശം. മണമ്പൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറി. രണ്ടാം വാർഡായ മടവിളാകം, പത്താം വാർഡ്‌ കൊടുത്തൂക്കി കുന്ന്, പതിനഞ്ചാം വാർഡായ കവലയൂർ, പതിനാറാം വാർഡ്‌ പുന്നക്കുഴി എന്നിവിടങ്ങളിലെ വീടുകളിൽ വെള്ളം കയറുകയും ഒമ്പതാം വാർഡായ കടമ്പറക്കോണത്ത് മണ്ണിടിച്ചിലുണ്ടായി ഗതാഗതം തടസപ്പെടുകയും ചെയ്തു. കവലയൂരിൽ പവിത്രം വീട്ടിൽ അശ്വതിയുടെ വീട്ടിനുള്ളിൽ വെള്ളം കയറി. സാധനങ്ങൾ വെള്ളത്തിനടിയിലായി. മുള്ളറംകോട് പ്രദേശത്തും വൻ നാശനഷ്ടമുണ്ടായി. പലയിടത്തും കൃഷി മുഴുവൻ വെള്ളത്തിനടിയിലായി. കർഷകർ പ്രതിസന്ധിയിലാണ്. നാവായിക്കുളം പഞ്ചായത്തിൽ കൃഷികൾ വെള്ളപാച്ചിലിൽ ഒലിച്ചുപോയി. പലയിടത്തും റോഡുകൾ തകർന്നു. ഡീസന്റ് മുക്കിൽ സ്വകാര്യ വ്യക്തിയുടെ മതിൽ തകർന്ന് വീണു. കുടവൂർ കൃഷികൾ വെള്ളത്തിനടിയിലായി. തോടുകൾ കരകവിഞ്ഞൊഴുകി. മണിക്കൂറുകളോളം വൈദ്യുതി തടസപ്പെട്ടു. മണ്ണൊലിപ്പുമൂലം കപ്പാം വിള - കിടത്തിച്ചിറ റോഡിലൂടെയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു. കരവാരം, മടവൂർ, പള്ളിക്കൽ പഞ്ചായത്തുകളിലും വ്യാപക കൃഷി നാശമുണ്ടായി. 6 മണിക്കൂറോളം തോരാതെ പെയ്ത മഴയിലാണ് വൻ കൃഷി നാശമുണ്ടായത്‌. മരങ്ങൾ കടപുഴകി വീണും മരച്ചില്ലകൾ ഒടിഞ്ഞു വീണും വൈദ്യുതി ബന്ധം താറുമാറായി. ഗ്രാമീണ റോഡുകളിൽ ചാലുകൾ രൂപപ്പെട്ട് ഗതാഗത യോഗ്യമല്ലാതായി.