തിരുവനന്തപുരം: വാറ്റു കേന്ദ്രത്തിൽ നിന്ന് എക്സൈസിനെ വെട്ടിച്ച് കടന്ന പ്രതിയെ ഇന്നലെ രാവിലെ വീട്ടിൽ നിന്ന് പിടികൂടി.വെഞ്ഞാറമൂട് മുതൂർക്കോണം അജി വധകേസിലെ ഒന്നാം പ്രതിയും നിരവധി അബ്കാരി കേസുകളിലെ പ്രതിയും ആയ വെഞ്ഞാറമൂട് ദീപാനഗർ വരുൺ നിവാസിൽ ബിജു (കൈത ബിജു)വാണ് പിടിയിലായത്.

വാമനപുരം എക്‌സൈസ് ഇൻസ്പെക്ടറും പാർട്ടിയും മെയ് 9ന് രാത്രി നടത്തിയ പരിശോധനയിൽ 25 ലിറ്റർ ചാരായം, 750 ലിറ്റർ കോട, 25,000 രൂപയുടെ വാറ്റുപകരണങ്ങൾ എന്നിവ കണ്ടെടുത്തിരുന്നു. ഗ്യാസ് അടുപ്പുപയോഗിച്ച് വാണിജ്യാടിസ്ഥാനത്തിലാണ് വാറ്ര് നടത്തിയിരുന്നത്. ഒളിവിൽ ആയിരുന്ന പ്രതി നാട്ടിൽ എത്തിയെന്നുള്ള വിവരത്തെ തുടർന്ന് ഇന്നലെ രാവിലെ എക്‌സൈസ് ഇൻസ്പെക്ടറും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തു. പ്രിവന്റീവ് ഓഫീസർ മനോജ്കുമാർ സിവിൽ എക്‌സൈസ് ഓഫീസർമാരായ അനിരുദ്ധൻ, സജീവ് കുമാർ,സജികുമാർ, വിഷ്ണു , വനിതാ സിവിൽ എക്സൈസ് ഓഫീസർ മഞ്ജുഷ എന്നിവർ പങ്കെടുത്തു.