dd

വർക്കല: തിരുവനന്തപുരം റൂറൽ ജില്ലയിലെ ഹെവി പൊലീസ് സ്റ്റേഷനായ വർക്കല പൊലീസ് സ്റ്റേഷനിലെ പൊലീസുകാരുടെ ആരോഗ്യ സുരക്ഷയ്ക്ക് വേണ്ട സംവിധാനങ്ങൾ ഒരുക്കണമെന്ന ആവശ്യം ശക്തമാകുന്നു. വർക്കലയ്ക്ക് പുറമേ അയിരൂർ, കല്ലമ്പലം, എന്നിവിടങ്ങളിലുള്ള പൊലീസുകാർ അമിതജോലി ഭാരത്തിലാണ്. പരിശോധനയുടെ ഭാഗമായി എല്ലാ ദിവസവും രാവിലെ മുതൽ രാത്രി വരെ ഇവർ ഡ്യൂട്ടിയിലുണ്ടാവും.
കഴിഞ്ഞദിവസം അയിരൂർ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ഉൾപ്പെടെ ആറ് പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരും അവധിയിലാണ്. അയിരൂർ പൊലീസ് സ്റ്റേഷനിൽ വനിതകൾ ഉൾപ്പെടെ 20 പേരാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇപ്പോൾ 14 പേർ മാത്രമാണുള്ളത്. കൊവിഡ് വ്യാപനം പൊലീസുകാരുടെ ഇടയിൽ ഭീതിയുളവാക്കിയിട്ടുണ്ട്.

പൊലീസുകാർക്ക് ആവശ്യമായ സുരക്ഷാക്കിറ്റുകൾ ഡിപ്പാർട്ട്മെന്റ് തലത്തിൽ വിതരണം ചെയ്യണമെന്ന പൊലീസ് മേധാവിയുടെ നിർദശം ഇതുവരെയും ഫലവത്തായില്ലായെന്നും ആരോപണമുണ്ട്. കൂടെയുള്ളവർക്ക് കൊവിഡ് വന്നാൽ പോലും ക്വാറന്റൈനിൽ പോകാൻ പോലും കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. വർക്കലയിൽ കൊവിഡ് വ്യാപനത്തിന്റെ ഗ്രാഫ് അനുദിനം ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് പൊലീസുകാരുടെ സുരക്ഷ ഉറപ്പാക്കാൻ ആഭ്യന്തരവകുപ്പ് നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

സഹപ്രവർത്തകർക്ക് രോഗം വന്നാൽ മറ്റുള്ളർക്ക് ക്വാറന്റൈനിൽ പോകാനും കഴിയുന്നില്ല

കൊവിഡ് വ്യാപനം പൊലീസുകാരെയും ഭീതിയിലാക്കുന്നു

സുരക്ഷ അകലെ

യാത്രക്കാരെ വഴിയിൽ തടഞ്ഞു നിറുത്തി വിവരങ്ങൾ ശേഖരിക്കണം, രേഖകൾ പരിശോധിക്കണം, ആവശ്യമെന്ന് കണ്ടാൽ പിഴ ചുമത്തണം, വാഹനം പിടിച്ചെടുക്കണം. എന്നാൽ ഇതൊക്കെ ചെയ്യുന്ന പൊലീസുകാർക്ക് സ്വയം പ്രതിരോധത്തിന് ആകെയുള്ളത് ഒരു മാസ്ക് മാത്രമാണ്. മിക്ക പൊലീസുകാർക്കും എൻ. 95 മാസ്കോ, കൈയുറകളോ, സാനിറ്റൈസറോ, ഫേസ് ഷീൽഡോ ഇല്ല. ഇതൊക്കെ വേണമെങ്കിൽ സ്വന്തം പോക്കറ്റിൽ നിന്നും പണം മുടക്കി വാങ്ങി ഉപയോഗിക്കേണ്ട ഗതികേടിലാണ് ഇവർ.

ഡ്യൂട്ടിക്ക് കുറവില്ല

ഓരോ ദിവസവുമുള്ള ക്വാട്ട തികയ്ക്കാൻ മേലുദ്യോഗസ്ഥർ കാണിക്കുന്ന ശുഷ്കാന്തി ഇവരുടെ സുരക്ഷാമാർഗങ്ങളിൽ കാട്ടുന്നില്ലെന്നും ആക്ഷേപമുണ്ട്. കണ്ടെയ്ൻമെന്റ് സോണുകളിലും മറ്റും രോഗികളുടെ കണക്കെടുക്കാൻ നിയോഗിക്കപ്പെട്ട പൊലീസുകാർക്കും സുരക്ഷകളൊന്നുമില്ല.

ആവശ്യം ശക്തം

നിരത്ത് വക്കിൽ പരിശോധനയ്ക്കായി നിൽക്കുന്ന പൊലീസുകാർക്ക് ആരോഗ്യ സുരക്ഷയുടെ ഭാഗമായി ഫേസ് ഫീൽഡ്, കൈയുറ, സാനിറ്റൈസർ, പി.പി. ഇ കിറ്റ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ നൽകുന്നതിന് ബന്ധപ്പെട്ട വകുപ്പ് ഇടപെടണമെന്ന ആവശ്യവും ശക്തമാണ്.

വർക്കലയിൽ സ്ഥിതി ഗുരുതരം

വർക്കല പൊലീസ് സ്റ്റേഷനിൽ വനിതകൾ ഉൾപ്പെടെ 50 ഓളം പൊലീസുകാരാണ് ഉണ്ടായിരുന്നത്. ഇവരിൽ വനിതകൾ ഉൾപ്പെടെയുള്ള ആറ് പൊലീസുകാർക്ക് ഏതാനും ആഴ്ചകൾക്ക് മുൻപ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അവധിയിലാണ്. കൂടാതെ ആഴ്ചകൾക്ക് മുൻപാണ് സ്റ്റേഷനിലെ എസ്.ഐയായിരുന്ന ചേന്നൻകോട് സ്വദേശി സാജൻ

കൊവിഡ് ബാധിച്ച് മരിച്ചത്.