may12a

ആറ്റിങ്ങൽ: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിലും ഇടിമിന്നലിലും ചിറയിൻകീഴ് താലൂക്കിൽ വ്യാപക നാശം. ശാർക്കര, ചിറയിൻകീഴ്, കരവാരം, കീഴാറ്റിങ്ങൽ, ആലംകോട്, കിളിമാനൂർ, കൊടുവഴന്നൂർ, മുദാക്കൽ, നഗരൂർ എന്നിവിടങ്ങളിലെ 10 വീടുകൾക്കും നിരവധി ഗൃഹോപകരണങ്ങൾക്കും കേടുപാടുണ്ട്.

ശക്തമായ മഴയിൽ ആലംകോട്, ഇളമ്പ വില്ലേജുകളിൽ നിർമ്മാണത്തിലിരുന്ന മതിലുകൾ തകർന്നു. ആറ്റിങ്ങൽ- അവനവഞ്ചേരി വില്ലേജിൽ രണ്ട് വീടുകളിൽ വെള്ളം കയറി. വീട്ടുകാരെ തൊട്ടടുത്ത വ‌ൃദ്ധ സദനത്തിലേയ്ക്ക് മാറ്റി.
ആറ്റിങ്ങൽ നഗരസഭയിലെ അപ്പൂപ്പൻപാറയ്‌ക്ക് സമീപത്തെ കോളനിയിൽ നിരവധി വീടുകളിൽ വെള്ളം കയറി. വാർഡ് കൗൺസിലർ സുധാകുമാരി വിവരമറിയിച്ചതിനെ തുടർന്ന് ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി സ്ഥലത്തെത്തി ഇവരെ സുരക്ഷിതമായി മാറ്റി പാർപ്പിച്ചു. സമീപത്തെ തോട്ടിൽ നീരൊഴുക്ക് നിലച്ചതാണ് പ്രശ്‌നമായത്. ഇവിടെ അടിഞ്ഞുകിടക്കുന്ന മണ്ണും മാലിന്യങ്ങളും അടിയന്തിരമായി നീക്കം ചെയ്യുമെന്ന് ചെയർപേഴ്സൺ അറിയിച്ചു.