വർക്കല: വർക്കലയിൽ ആശാവർക്കറുടെ വീടിന് നേരേ കല്ലേറ് നടത്തിയതായി പരാതി. കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടുകൂടിയാണ് സംഭവം. വർക്കല നഗരസഭയിലെ 30-ാം വാർഡിലെ ആശാവർക്കറായ ശ്രീജാ ഹെൻട്രിയുടെ വീടിന് നേരേയാണ് ആക്രമണം നടന്നത്. വീടിന്റെ ജനാല ചില്ലുകൾക്ക് കേടുപാടുകൾ സംഭവിച്ചു. സംഭവസമയം ഭർത്താവും മക്കളും കിടപ്പ് രോഗിയായ മാതാവുമാണ് വീട്ടിലുണ്ടായിരുന്നത്. ജനാലച്ചില്ലുകൾ പൊട്ടുന്ന ശബ്ദം കേട്ട് ലൈറ്റിടുകയും പുറത്തിറങ്ങി നോക്കുമ്പോൾ രണ്ടംഗസംഘം മോട്ടോർ ബൈക്കിൽ കടന്നുകളയുകയുമായിരുന്നു. കഴിഞ്ഞ ദിവസം വർക്കലയിലെ ഒരു പച്ചക്കറി സ്ഥാപനത്തിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സ്ഥാപനത്തിലുള്ള മറ്റുള്ളവർ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന നിർദ്ദേശം നൽകിയതിന്റെ പകയാണ് ഇതിന്റെ പിന്നിലെന്ന് ഇവർ ആരോപിക്കുന്നു. ഇതുസംബന്ധിച്ച് ആശാവർക്കർ വർക്കല പൊലീസിൽ പരാതി നൽകി. പൊലീസ് സ്ഥലത്തെത്തി തെളിവെടുത്തു. അന്വേഷണം ഊർജ്ജിതപ്പെടുത്തിയതായി വർക്കല പൊലീസ് അറിയിച്ചു.