തിരുവനന്തപുരം: ജൂൺ ഒന്നിന് കാലവർഷം തുടങ്ങുമെന്ന് കണക്കാക്കിയിരിക്കേ, അതിനുമുമ്പേ ശക്തമായ കാറ്റും മഴയുമായി അറബിക്കടലിലൂടെ തൗക്തേ (Tauktae) ചുഴലിക്കാറ്റ് വരുന്നതായി കേന്ദ്ര കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നൽകി.
കഴിഞ്ഞ ജൂണിൽ മഹാരാഷ്ട്രയിൽ വൻനാശം വിതച്ച നിസർഗ ചുഴലിക്കാറ്റിനു സമാനമാണ് തൗക്തേ എന്നാണ് സൂചനകൾ. ഭീകരശബ്ദത്തോടെ ചിലയ്ക്കുന്ന ഗൗളി എന്നാണ് മ്യാൻമർ ഭാഷയിൽ ഇൗ വാക്കിന്റെ അർത്ഥം.
ചുഴലിയുടെ ഫലമായി തെക്കൻജില്ലകളിൽ വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്കു സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ന് കേരള തീരത്തും നാളെ തമിഴ്നാട് തീരത്തും മറ്റന്നാൾ മഹാരാഷ്ട്ര തീരങ്ങളിലും കനത്ത ജാഗ്രത പാലിക്കാനാണ് നിർദ്ദേശം. ഇൗ പ്രദേശങ്ങളിലും മാലിദ്വീപ്, ലക്ഷദ്വീപ് മേഖലകളിലും മീൻപിടിത്തത്തിന് അടുത്ത മൂന്ന് ദിവസത്തേക്ക് ആരും ഇറങ്ങരുതെന്നും ആരെങ്കിലും പോയിട്ടുണ്ടെങ്കിൽ തൊട്ടടുത്തുള്ള കരയിലേക്ക് മാറണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. അറബിക്കടലിന്റെ തെക്കുപടിഞ്ഞാറൻ മേഖലയിലാണ് ചുഴലിക്കാറ്റിന്റെ ആദ്യരൂപമായ ന്യൂനമർദ്ദം രൂപംകൊണ്ടിരിക്കുന്നത്. കേരള തീരത്തുനിന്ന് ആയിരത്തോളം കിലോമീറ്റർ അകലെയാണിത്. അവിടെനിന്ന് അടുത്ത 72 മുതൽ 96 മണിക്കൂറിനിടെ ഇത് ആഞ്ഞടിക്കാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്.
ന്യൂനമർദ്ദം ശക്തിപ്രാപിച്ച് വടക്ക്,വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിലേക്കു നീങ്ങാനാണ് സാദ്ധ്യത. ശനിയാഴ്ചയോടെ കരതൊടും. കേരളതീരത്ത് അടിക്കാൻ സാദ്ധ്യതയില്ലെങ്കിലും ശക്തമായ കാറ്റിനും മഴയ്ക്കും കടൽ ക്ഷോഭത്തിനും കേരളത്തിന്റെ തെക്കൻ തീരങ്ങളിൽ സാദ്ധ്യതയുണ്ട്.
ഈ വർഷത്തെ അറബിക്കടലിലെ ആദ്യ ചുഴലിയാണ് തൗക്തേ. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രണ്ടുമൂന്നു വർഷമായി ചുഴലിക്കാറ്റുകൾ വർദ്ധിക്കുന്നത് കാലാവസ്ഥാ വിദഗ്ദ്ധരിലും ദുരന്തനിവാരണ വകുപ്പിനും ആശങ്കയുണ്ടാക്കുന്നുണ്ട്. പല ചുഴലിക്കാറ്റുകളും ശക്തികൂടി തീവ്ര ചുഴലിക്കാറ്റായി മാറുന്നുമുണ്ട്.
ന്യൂനമർദ്ദം
തിരുവനന്തപുരത്ത് ചൊവ്വാഴ്ച നിനച്ചിരിക്കാതെ മഴ കനത്തു. അറബിക്കടലിൽ ന്യൂനമർദ്ദത്തിന്റെ തുടക്കമായപ്പോൾ തന്നെ സംഭവിച്ചതാണിത്. ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പുകൾ സാധാരണ 24 മണിക്കൂർ മുൻപു നൽകാറുണ്ടെങ്കിലും കഴിഞ്ഞദിവസം അതുണ്ടായില്ല. കാലാവസ്ഥാവകുപ്പിന്റെ പ്രവചനപ്രകാരം തിരുവനന്തപുരം ജില്ലയിൽ സാധാരണ മഴയ്ക്കുള്ള ഗ്രീൻ അലർട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചൊവ്വാഴ്ച ഉച്ചയ്ക്ക് പ്രസിദ്ധീകരിച്ച കാലാവസ്ഥാ മുന്നറിയിപ്പു പ്രകാരം യെല്ലോഅലർട്ട് നൽകിയിരുന്നത് ഇടുക്കി, മലപ്പുറം ജില്ലകൾക്കു മാത്രം. രാത്രി 10 മണിക്കാണ് ശക്തമായ മഴയ്ക്കുള്ള ആദ്യ മുന്നറിയിപ്പ് വന്നത്. അപ്പോഴേക്കും തലസ്ഥാന നഗരം വെള്ളത്തിലായിരുന്നു.
ഒാറഞ്ച് അലർട്ട്
14ന് തിരുവനന്തപുരം,കൊല്ലം, 15ന് തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ
യെല്ലോ അലർട്ട്
13ന് തിരുവനന്തപുരം, 14ന് കോട്ടയം, എറണാകുളം,15ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ,
2019 ലെ ചുഴലിക്കാറ്റുകൾ
പവൻ, മഹാ, ക്യാർ, ഹിക്ക, വായു. ഫാനി, ബുൾബുൾ, പാബുക്ക്
2020ലെ ചുഴലിക്കാറ്റുകൾ
അംഫാൻ, നിസർഗ, ഗതി, നിവാർ, ബുറെവി