തിരുവനന്തപുരം: ഇടവിട്ട് പെയ്യുന്ന മഴയിൽ കൊതുകുകൾ വർദ്ധിക്കാൻ സാദ്ധ്യതയുള്ളതിനാൽ ജില്ലയിൽ കൊതുക് ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു. കൊതുക് പരത്തുന്ന രോഗങ്ങൾ ഇതുവഴി തടയാൻ കഴിയുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ‌ കെ.എസ്. ഷിനു പറഞ്ഞു. വീടും പരിസരവും മഴവെള്ളം കെട്ടിനൽക്കാത്തവിധം സൂക്ഷിക്കണം. കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് കൊതുക് മുട്ടയിട്ടുപെരുകുന്നത്. ഈഡിസ് വിഭാഗം കൊതുകുകളാണ് ഡെങ്കിപ്പനിക്കും ചിക്കുൻഗുനിയയ്ക്കും കാരണം. കൊവിഡ് ജാഗ്രതയ്ക്കൊപ്പം കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനം കൂടി ശക്തിപ്പെടുത്തണം. ഡെങ്കിപ്പനിക്കും കൊവിഡിനും സമാന ലക്ഷണങ്ങളുള്ളതിനാൽ കൂടുതൽ ജാഗ്രത പാലിക്കണം. പനി, കടുത്ത തലവേദന, ശരീരവേദന, സന്ധിവേദന, വിശപ്പില്ലായ്മ, ഓക്കാനം, ഛർദി, ചർമത്തിലെ തിണർപ്പ് എന്നിവയാണു ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. ഇവ ശ്രദ്ധയിൽപ്പെട്ടാൽ ഇ- സഞ്ജീവിനിയിലൂടെ ചികിത്സ തേടാവുന്നതാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.