d

തിരുവനന്തപുരം:പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടും കൊവിഡ് വ്യാപന ഭീതി ഒഴിയാതെ തലസ്ഥാനം.ആശങ്ക ഉയർത്തി ജില്ലയിലെ രോഗബാധിതരുടെ എണ്ണം വീണ്ടും നാലായിരം കടന്നു.ഇന്നലെ 4,​284 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇതിന് മുൻപ് മേയ് 8,​ 9 തീയതികളിലും പ്രതിദിന രോഗബാധിതരുടെ എണ്ണം നാലായിരം പിന്നിട്ടിരുന്നു.ഓരോ കുടുംബത്തിലെയും ഒന്നിലധികം പേർ രോഗബാധിതരാവുകയാണ്. രോഗബാധിതരടക്കം വീടുകളിൽ മാസ്ക് ധരിക്കാത്ത അവസ്ഥയുണ്ടെന്ന് വാർഡുകളുടെ ചുമതലയുള്ള വൊളന്റിയർമാർ പറയുന്നു. രോഗം മറച്ചുവച്ച് പുറത്തിറങ്ങുന്നവരുമുണ്ട്. ഇത്തരം അശ്രദ്ധകൾ രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മരണനിരക്കിലും ജില്ല മുന്നിലാണ്. ആകെ 1,166 പേരാണ് കൊവിഡ് മൂലം തലസ്ഥാനത്ത് മരിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 3,964 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.ഇതിൽ 10 പേർ ആരോഗ്യ പ്രവർത്തകരാണ്. 2,338 പേർ രോഗമുക്തി നേടി. പ്രതിദിന രോഗികളുടെ എണ്ണത്തെക്കാൾ വളരെ കുറവാണ് രോഗമുക്തി നേടുന്നവരുടെ എണ്ണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വർദ്ധനയുണ്ട്. 28.7 ശതമാനമാണ് ഇന്നലെ ജില്ലയിലെ ടി.പി.ആർ. ചൊവ്വാഴ്ച ഇത് 27.4 ശതമാനമായിരുന്നു. ഒരാഴ്ചയായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിന് മുകളിൽ തുടരുകയാണ്.41,644 പേരാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്. പുതുതായി 5,632 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇതോടെ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 96,221 ആയി. 4,526 പേർ നിരീക്ഷണകാലം പൂർത്തിയാക്കി.

 ചികിത്സയ്ക്ക് ഏഴു കേന്ദ്രങ്ങൾകൂടി

കൊവിഡ് രോഗികൾക്ക് ചികിത്സ ലഭ്യമാക്കുന്നതിനായി പുതുതായി അഞ്ച് ഡി.സി.സികളും രണ്ട് സി.എഫ്.എൽ.റ്റി.സികളും കൂടി ഏറ്റെടുത്തു. കാട്ടാക്കട, വർക്കല, തിരുവനന്തപുരം താലൂക്കുകളിൽ ഓരോന്നു വീതവും നെടുമങ്ങാട് താലൂക്കിൽ രണ്ട് ഡി.സി.സികളുമാണ് ഏറ്റെടുത്തത്. ഇവിടെ അഞ്ചിടത്തുമായി 300 പേർക്കുള്ള കിടക്ക സൗകര്യമുണ്ടാകും. തിരുവനന്തപുരം താലൂക്കിൽ കഴക്കൂട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തെയാണ് സി.എഫ്.എൽ.ടി.സിയായി ഏറ്റെടുത്തത്. ഇവിടെ 500 പേർക്കുള്ള കിടക്ക സൗകര്യമുണ്ട്. നെയ്യാറ്റിൻകരയിൽ ഏറ്റെടുത്ത സി.എഫ്.എൽ.ടി.സിയിൽ 100 പേർക്കുള്ള കിടക്ക സൗകര്യവുമുണ്ട്.

 കൊവിഡ് ഇന്നലെ

രോഗികൾ - 4,​284

സമ്പർക്ക രോഗികൾ - 3,964

രോഗമുക്തി - 2,338

ആകെ രോഗികൾ - 41,644

നിരീക്ഷണത്തിലുള്ളവർ - 96,221