നെയ്യാറ്റിൻകര: വീടിന് മുന്നിൽ ശവപ്പെട്ടിക്കട നടത്തുന്നതിന്റെ വിരോധത്തിൽ ഭിന്നശേഷിക്കാരനെ പെട്രോൾ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമം. കുന്നത്തുകാൽ നാറാണി അരുവിയോട് പള്ളിവിള ചരിവുവിള വീട്ടിൽ വർഗീസിനാണ് (47) അയൽവാസി സെബാസ്റ്റ്യന്റെ ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റത്. ഇന്നലെ രാവിലെ 7.45നായിരുന്നു സംഭവം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വർഗീസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

വീടിന് സമീപം വർഗീസ് ശവപ്പെട്ടിക്കട നടത്തുന്നത് സംബന്ധിച്ച് സെബാസ്റ്റ്യൻ വഴുക്കുണ്ടാക്കുക പതിവായിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ വാക്കുതർക്കത്തിനിടെ സെബാസ്റ്റ്യൻ വർഗീസിന്റെ കടയിലേക്ക് പെട്രോളിൽ മുക്കിയ പന്തവും പെട്രോൾ നിറച്ച ചില്ലുകുപ്പികളും വലിച്ചറിയുകയായിരുന്നു.
തീ ആളിക്കത്തുന്നത് കണ്ട് വീട്ടുകാർ നിലവിളിച്ചതിനെ തുടർന്ന് നാട്ടുകാരെത്തി വർഗീസിനെ നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മാരായമുട്ടം പൊലീസ് സെബാസ്റ്റ്യനെ അറസ്റ്റുചെയ്‌തു.