നെയ്യാറ്റിൻകര: കൊവിഡ് പ്രതിരോധത്തിലെ മുന്നണിപ്പോരാളികളായ നഴ്സുമാർക്ക് അന്താരാഷ്ട്ര നഴ്സ് ദിനത്തിൽ ആദരമർപ്പിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർ. സ്നേഹാദരവിന്റെ ഭാഗമായി കൊവിഡ് വാക്സിനേഷൻ പ്രവർത്തനങ്ങളിൽ സ്തുത്യർഹമായ സേവനം നിർവഹിച്ച വെൺപകൽ ഗവ. ആശുപത്രിയിലെ ഹെഡ് നഴ്സ് കൊറ്റാമം സ്വദേശി സലജകുമാരിയെ കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷൻ നെയ്യാറ്റിൻകര യൂണിറ്റിന്റെ നേതൃത്വത്തിൽ ആദരിച്ചു. മികച്ച സേവനത്തിന് സംസ്ഥാന ആരോഗ്യവകുപ്പിന്റെ പുരസ്കാരവും സലജകുമാരിക്ക് ലഭിച്ചിട്ടുണ്ട്. നഴ്സ് ദിനാചരണവും സ്നേഹാദരവും നഗരസഭാ ആരോഗ്യ സ്റ്രാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് ഫ്രാങ്ക്ളിൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റ് എസ്.എസ്. സാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സി.ഐ.ടി.യു ദേശീയ കൗൺസിൽ അംഗം പി. കേശവൻകുട്ടി മുഖ്യപ്രഭാഷണം നടത്തി. എ.ടി.ഒ മുഹമ്മദ് ബഷീർ ആരോഗ്യ പ്രവർത്തകരെ പൊന്നാടയണിയിച്ചു. അസോസിയേഷൻ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി സുശീലൻ മണവാരി, ജനറൽ സി.ഐ. സതീഷ് കുമാർ, എൻ.കെ. രഞ്ജിത്ത്, ജി. ജിജോ, എസ്.ജി. രാജേഷ്, ജെ.കെ. ജയിൻ, സുരേഷ് കുമാർ, ശശിഭൂഷൺ എന്നിവർ സംസാരിച്ചു. കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യുന്ന തിരു. മെഡിക്കൽ കോളേജ് ആശുപത്രിയിലെയും ജനറൽ ആശുപത്രിയിലെയും നഴ്സുമാരെയും ചടങ്ങിൽ ആദരിച്ചു.