ബാലരാമപുരം: കഴിഞ്ഞ ദിവസം പൊയ്ത കനത്ത മഴയിൽ ദേശീയപാതയിൽ കൊടിനട ശ്രീമൂകാംബിക ഷോപ്പിംഗ് കോംപ്ലക്സിലെ ഗ്രൗണ്ട് ഫ്ലോറിലെ കച്ചവടസ്ഥാപനങ്ങൾ വെള്ളത്തിൽ മുങ്ങി ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി. കോംപ്ലക്സിലെ രത്നകല ജൂവലേഴ്സ്, ശ്രീമൂകാംബിക ടെക്സ്റ്റയിൽസ്, ശ്രീമൂകാംബിക മെഡിക്കൽ സ്റ്റോർ, മൊബൈൽ ഷോപ്പ്, ഫാൻസി സ്റ്റോർ എന്നീ സ്ഥാപനങ്ങളിലെല്ലാം വെള്ളം കയറി ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായത്. ദേശീയപാതയിലെ ഓടയിലെ നിർമ്മാണജോലികളുടെ അശാസ്ത്രീയതയാണ് വെള്ളക്കെട്ടിന് കാരണമെന്ന് വ്യാപാരികൾ പറഞ്ഞു. മാസങ്ങൾക്ക് മുമ്പും ഇതേ രീതിയിൽ കോംപ്ലക്സിനുള്ളിൽ മഴയത്തുണ്ടായ വെള്ളക്കെട്ട് കച്ചവടത്തെ ബാധിച്ചിരുന്നു. ജനറേറ്റർ ഉപയോഗിച്ച് മണിക്കൂറുകളുടെ പ്രയത്നത്തിലൊടുവിലാണ് വെള്ളക്കെട്ട് മാറ്റിയത്. ദേശീയപാത വിഭാഗം അസി.എൻജിനീയറെ വിളിച്ച് വ്യാപാരികൾ പരാതി അറിയിച്ചു. ദേശീയപാതയിൽ പ്രമുഖ ഷോപ്പിംഗ് കോംപ്ലക്സിലെ വെള്ളക്കെട്ടിന് അടിയന്തര പരിഹാരം കാണണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ബാലരാമപുരം യൂണിറ്റ് പ്രസിഡന്റ് ഇ.എം. ബഷീർ. ജനറൽ സെക്രട്ടറി രത്നകല രത്നാകരൻ, ട്രഷറർ രാമപുരം മുരളി എന്നിവർ ദേശീയപാത അധികൃതരോട് ആവശ്യപ്പെട്ടു.