തിരുവനന്തപുരം: കൊവിഡ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെടുന്ന മുഴുവൻ സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും കേന്ദ്രസർക്കാർ നൽകുന്നതുപോലെ 50ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷ നൽകണമെന്ന് ഫെറ്രോ സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ സ്വന്തം ചെലവിലോ കേന്ദ്രവുമായി സഹകരിച്ചോ ഇൻഷ്വറൻസ് ഏർപ്പെടുത്തണം. സ്വകാര്യ ആശുപത്രികളെ കൊവിഡ് ചികിത്സയ്ക്കായി ആശ്രയിക്കേണ്ടി വരുന്ന ജീവനക്കാർക്കുള്ള ചികിത്സാ ചെലവ് സർക്കാർ വഹിക്കണമെന്നും ഫെറ്രോ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എം. ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. ബി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.പി.രാജീവൻ പ്രസംഗിച്ചു.