തിരുവനന്തപുരം:നിയുക്ത എം.എൽ.എ ആന്റണി രാജു ഇടപെട്ടു, ഗവൺമെന്റ് ഫോർട്ട് താലൂക്ക് ആശുപത്രിയിലെ വാക്സിൻകേന്ദ്രം കൂടുതൽ സൗകര്യമുള്ള പാഞ്ചജന്യം ഓഡിറ്റോറിയത്തിലേക്ക് മാറ്റി. ഇതോടെ ആശുപത്രിയിലെ തിക്കും തിരക്കും ശമിച്ചു.ആന്റണി രാജു ആശുപത്രി സന്ദർശിച്ചപ്പോഴാണ് വാക്സിൻ എടുക്കാൻ വരുന്നവരുടെ നീണ്ട നിര ശ്രദ്ധയിൽപ്പെടുന്നത്. മഴയും വെയിലുമേറ്റ് വാക്സിനെടുക്കാനെത്തുന്നവർ ദുരിതത്തിലായിരുന്നു. ഇവിടെ നിന്ന് മാറ്റിയില്ലെങ്കിൽ രോഗികളുടെ കാര്യം വഷളാകുമെന്ന് ആശുപത്രി അധികൃതരും പറഞ്ഞു. തുടർന്നാണ് ശ്രീപദ്മനാഭ സ്വാമിക്ഷേത്ര ട്രസ്റ്റിന്റെ പാഞ്ചജന്യം ഓഡിറ്റോറിയം അടച്ചിട്ടിരിക്കുന്ന വിവരം അറിയുന്നതും ട്രസ്റ്റ് ഭരണ സമിതിയും അംഗീകാരത്തോടെ വാക്സിൻ കേന്ദ്രം സജ്ജമാക്കുന്നതും. ഇന്നലെ രാവിലെ ആന്റണി രാജു പാഞ്ചജന്യത്തിലെ വാക്സിൻ കേന്ദ്രം ഉദ്ഘാടനം ചെയ്‌തു. സി.പി.എം ചാല ഏരിയാ സെക്രട്ടറി അഡ്വ. എസ് എ സുന്ദർ, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. സലീം,കൗൺസിലർ രാജേന്ദ്രൻ നായർ, ആശുപത്രി സൂപ്രണ്ട് എസ് സ്റ്റാൻലി, രവീന്ദ്രൻ നായർ, എൻ.ഡി. നീലലോഹിതൻ,അഡ്വ.ആർ.എസ്.വിജയ്‌മോഹൻ, കെ.എസ്.ബാബുരാജൻ,എൻ. ശിവകുമാർ,പുന്നപുരം മോഹനൻ,എൻ.ജി .ഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ.പി.സുനിൽകുമാർ എന്നിവർ പങ്കെടുത്തു.