തിരുവനന്തപുരം: ഇസ്രയേലിൽ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിച്ചു വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതുസംബന്ധിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തയച്ചു. ഇസ്രയേലിലെ ഇന്ത്യൻ അംബാസഡർ സഞ്ജീവ് സിംഗ്ലയുമായി നോർക്കയുടെ പ്രിൻസിപ്പൽ സെക്രട്ടറി കെ. ഇളങ്കോവൻ ബന്ധപ്പെട്ടിട്ടുണ്ട്. സൗമ്യയുടെ അകാല വിയോഗത്തിൽ കുടുംബത്തിന് ആശ്വാസമേകാനുതകുന്ന നഷ്ടപരിഹാരം കിട്ടാൻ നടപടി കൈക്കൊള്ളണം. സൗമ്യയുടെ കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും ദുഃഖത്തിൽ പങ്കു ചേരുന്നു, ആദരാഞ്ജലി അർപ്പിക്കുന്നു- മുഖ്യമന്ത്രി പറഞ്ഞു.