kovalam

കോവളം: ലൈറ്റ്ഹൗസ് ബീച്ചിൽ രണ്ട് ഹോട്ടലുകളുടെ ടെറസിന് മുകളിലുണ്ടായിരുന്ന ഓടുമേഞ്ഞ മേൽക്കൂര ഇന്നലെ രാവിലെ തകർന്നുവീണു. സുധീന്ദ്രന്റെ ഉടമസ്ഥതയിലുള്ള ഹോട്ടൽ സീ ഫ്ലവർ, സുനിതാ മോഹനന്റെ ഉടമസ്ഥതയിലുള്ള സ്റ്റേ വെൽ എന്നീ ഹോട്ടലുകളുടെ മേൽക്കൂരയാണ് ശക്തമായ കാറ്റിൽ തകർന്നത്. സംഭവത്തെ തുടർന്ന് വാർഡ് കൗൺസിലർ നിസാമുദ്ദീന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തി. നാല് ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി ഹോട്ടലുടമകൾ പറഞ്ഞു വിഴിഞ്ഞം വില്ലേജ് ഓഫീസർ ഇന്ന് സ്ഥലം സന്ദർശിക്കും. ചൊവ്വാഴ്ച പെയ്ത ശക്തമായ മഴയിൽ കല്ലിയൂരിലും കോവളത്തും വ്യാപക നാശനഷ്ടമുണ്ടായിട്ടുണ്ട്. കല്ലിയൂർ ചെങ്കോട് പ്രദേശത്ത് സഹോദരങ്ങളായ സുരേഷ് ബാബു, അരുൺ എന്നിവരുടെ ഷീറ്റ് മേഞ്ഞ രണ്ട് വീടുകൾ മഴയിൽ തകർന്നു. രാത്രിയിലാണ് വീടുകൾ തകർന്നത് എന്നാൽ ആളപായമുണ്ടായിട്ടില്ല. കല്ലിയൂർ അറാട്ടുകടവിൽ വെള്ളം കയറി 25 വീടുകൾക്ക് കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. വിഴിഞ്ഞത്ത് നിന്ന് ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. ഇന്നലെ ജെ.സി.ബി ഉപയോഗിച്ച് വെള്ളക്കെട്ടുകൾ ഉണ്ടായ പ്രദേശത്ത് പരിഹാരം കണ്ടെത്തി. വിഴിഞ്ഞം കോട്ടപ്പുറം മര്യനഗറിൽ വെള്ളക്കെണ്ടുയാതിനാൽ ഗതാഗതം തടസപ്പെട്ടു. കല്ലിയൂരിലും വിഴിഞ്ഞത്തും ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വൈദ്യുത ബന്ധം നിലച്ചു. കാർഷിക കോളേജ്, വെങ്ങാനൂർ,​ നെല്ലിവിള, ആഴാകുളം എന്നിവിടങ്ങളിലെ തെങ്ങുകളാണ് കടപുഴകിയത്. ഇന്നലെ രാവിലെയാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്.