കുളത്തൂർ: ടെക്നോപാർക്ക് ഫേസ് ത്രീക്ക് സമീപത്തെ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് നാട്ടുകാർ പാർക്കിലെ യമുന സമുച്ചയം ഉപരോധിച്ചു. ജനവാസ മേഖലയെ അവഗണിച്ച് ടെക്നോപാർക്ക് അധികൃതർ നടത്തുന്ന നിർമ്മാണമാണ് വെള്ളം കയറാൻ കാരണമെന്ന് ഇവർ ആരോപിച്ചു.
15 വർഷമായി തുടരുന്ന ദുരിതത്തിന് ഇതുവരെയും പരിഹാരമായില്ല. കഴിഞ്ഞദിവസം പെയ്‌ത ശക്തമായ മഴയിൽ ഏഴ് വീടുകളാണ് വെള്ളത്തിലായത്. വീടുകളിൽ വെള്ളം നിറഞ്ഞതോടെ രാത്രി പലരും സഹായത്തിനായി നിലവിളിക്കുകയായിരുന്നു. സമീപവാസികളെത്തിയാണ് വീടുകളിലുണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. രാത്രി വൈകിയും പ്രതിഷേധം തുടർന്നു.