pozhiyoor

പാറശാല: പൊഴിയൂരിൽ കൊല്ലങ്കോട്ടുണ്ടായ കടലാക്രമണത്തിൽ തീരദേശത്തെ പതിനഞ്ചോളം വീടുകൾ പൂ‍ർണമായും തകർന്നു. ഇരുപതോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. തമിഴ്നാട് ഭാഗത്ത് നീരോടിയിൽ കടലിന്റെ ഉള്ളിലേക്ക് പാറകളിട്ട് പുലിമുട്ട് നിർമ്മിച്ചതാണ് പൊഴിയൂരിൽ കടൽക്ഷോഭം രൂക്ഷമാകാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. വീടുകൾ തകർന്ന പതിനഞ്ച് കുടുംബങ്ങളെയും പൊഴിയൂർ ഗവ. യു.പി.എസിലെ ക്യാമ്പിലേക്ക് മാറ്റി. എന്നാൽ തെക്കേ കൊല്ലങ്കോട് റോഡിന്റെ തെക്കുവശത്ത് താമസിക്കുന്നവരെ സുനാമി പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി ഫ്ലാറ്റുകൾ നിർമ്മിച്ച് നൽകിയെങ്കിലും ഗുണഭോക്താക്കൾക്കായി ഫ്ലാറ്രുകൾ അനുവദിക്കാത്തതിൽ ദുരൂഹതകളുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. കടലാക്രമണത്തിൽ നിന്ന് തീരദേശത്തെ സംരക്ഷിക്കാനായി സർക്കാർ അടിയന്തരനടപടികൾ സ്വീകരിക്കണമെന്ന് ഇടവക വികാരി ഫാദർ ആന്റോ ജോരിസ് ആവശ്യപ്പെട്ടു.