തിരുവനന്തപുരം: കൊവിഡ് ബാധിച്ച് ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വീണ് കണ്ണിനും വയറിലും പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ എഴുപത്തിനാലുകാരിക്ക് വേണ്ട ചികിത്സ ലഭിച്ചില്ലെന്ന് പരാതി. കൊവിഡ് ബാധിച്ച് ജനറൽ ആശുപത്രിയിലെ അഞ്ചാം വാർഡിൽ ചികിത്സയിൽ കഴിഞ്ഞ കരമന കീഴതിൽ വീട്ടിൽ സുശീലയാണ് (74) ആശുപത്രിയിൽ വീണ് പരിക്കേറ്റത്. മുഖത്തും ശരീരത്തിലുമുള്ള മുറിവുകൾ പഴുത്തനിലയിലാണ് സുശീലയെ ഡിസ്ചാർജ് ചെയ്തതെന്ന് ബന്ധുക്കൾ പറയുന്നു. ഇവർ ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇവരുടെ ശ്വാസകോശത്തിന് ക്ഷതമേറ്റിട്ടുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചതായി ബന്ധുക്കൾ പറയുന്നു. ഇവർ വീണ വിവരം ജനറൽ ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചിരുന്നില്ല. ലോക്ക് ഡൗൺ ആയതിനാൽ ബന്ധുക്കൾക്ക് ആശുപത്രിയിൽ എത്താനും കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം ബന്ധുക്കൾ എത്തിയപ്പോഴാണ് മുഖത്തും വയറിലും മുറിപ്പാടുകളുമായി ഗുരുതരാവസ്ഥയിലായ സുശീലയെ കണ്ടത്. എന്നാൽ സുശീലയെ കൂട്ടിക്കൊണ്ടുപോകാനാണ് ആശുപത്രി അധികൃതർ നിർദ്ദേശിച്ചത്. മുഖത്ത് പരിക്കേറ്റ് ആഹാരം പോലും കഴിക്കാൻ കഴിയാത്ത നിലയിലായിരുന്നു സുശീലയെന്നാണ് ബന്ധുക്കൾ പറയുന്നത്. മൂന്ന് ദിവസത്തിന് മുൻപാണ് താൻ വീണതെന്നും അടുത്ത ദിവസങ്ങളിൽ വെള്ളം പോലും കിട്ടിയില്ലെന്നും സുശീല പറയുന്നു. സംഭവത്തെ തുടർന്ന് ബന്ധുക്കൾ ജനറൽ ആശുപത്രി സുപ്രണ്ടിന് പരാതി നൽകിയിട്ടുണ്ട്. കൂടാതെ ബന്ധുക്കൾ കൗൺസിലർ കരമന അജിത്തിന്റെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർക്കും പരാതി നൽകിയിട്ടുണ്ട്. പരാതി ലഭിച്ചിച്ചെന്നും അന്വേഷണത്തിന് നിർദ്ദേശിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി സുപ്രണ്ട് ഡോ. അനിൽ പറഞ്ഞു.