പെരിങ്ങമ്മല:ലോക്ക് ഡൗണിൽ വേറിട്ട സന്നദ്ധ പ്രവർത്തനങ്ങളിലൂടെ മുന്നേറുകയാണ് മാന്തുരുത്തിയിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ.ക്വാറന്റൈനിൽ കഴിയുന്നവർക്കും കിടപ്പുരോഗികൾക്കും കിറ്റും ഭക്ഷണവും എത്തിച്ചും മുഴുവൻ കുടുംബാംഗങ്ങളും രോഗബാധിതരായ വീട്ടിലെ പശുക്കൾക്ക് വനത്തിൽനിന്നും മരത്തോലും ഇലകളും തൊഴുത്തിലെത്തിച്ചും ശ്രദ്ധേയമായതിന് പിന്നാലെ ചക്കവറ്റൽ ചലഞ്ചുമായി രംഗത്തെത്തിയിരിക്കുകയാണിവർ.ചക്ക ശേഖരിച്ച് വറ്റലുണ്ടാക്കി കടകളിലും വീടുകളിലുമെത്തിച്ച് വില്പന നടത്തി മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേയ്ക്ക് പണം സ്വരൂപിക്കുകയാണ് പദ്ധതി.സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ മധു ഡി.വൈ.എഫ്.ഐ നേതാവ് എ.എം അൻസാരിയിൽ നിന്ന് വറ്റൽ പായ്ക്കറ്റ് ഏറ്റുവാങ്ങി പദ്ധതി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി മുഹമ്മദ് സിയാദ്, ഗോപീകൃഷ്ണൻ, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി വിഷ്ണു സുവർണൻ, യൂണിറ്റ് സെക്രട്ടറി ബിജീഷ്, അഭിജിത്ത്, ശ്രീനാഥ്, അപ്പു, ശരത്, അക്ഷയ് എന്നിവർ പങ്കെടുത്തു.