കുറുപ്പംപടി: മഴുവന്നൂർ പഞ്ചായത്ത് മുന്നാം വാർഡ് മണ്ണൂരിൽ കാനകൾ വൃത്തിയാക്കുന്ന ജോലി മുന്നാം വാർഡ് മെമ്പർ കെ.കെ. ജയേഷിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. കാനകൾ വൃത്തിയാക്കി കാനയിലേക്ക് അനധികൃതമായി തുറന്നിരിക്കുന്ന സ്വകാര്യ വ്യക്തികളുടെ ഡ്രെയിനേജ് പൈപ്പുകൾ കോൺക്രീറ്റ് ഇട്ട് അടയ്ക്കാനാണ് തീരുമാനം.
വർഷങ്ങളായി നാട്ടുകാർ ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴാണ് ഇത് പ്രാവർത്തികമാക്കാൻ സാധിക്കുന്നത്. ഓടകളിലേയ്ക്ക് മഴവെള്ളം മാത്രം ഒഴുകാൻ പാകത്തിന് എല്ലാത്തരം അനധികൃതമായ പൈപ്പുകളും അടയ്ക്കും.
നാട്ടുകാരുടെ പൊതുവായ ആവശ്യം നടപ്പാക്കുന്നതിനു വേണ്ടി ഒരു കൂട്ടം ആളുകൾ വാർഡ് മെമ്പറിനോടൊപ്പം അണി ചേർന്നിരിക്കുകയാണ്. അന്നപൂർണ്ണ ഹോട്ടൽ മുതൽ കിഴക്കേ കവല വരെ എം.സി റോഡിന്റെ ഇരുവശങ്ങളിലെയും ഓടകളാണ് വൃത്തിയാക്കുന്നത്. സമീപത്തുള്ള ബിൽഡിംഗുകളിൽ നിന്നും ഓടയിലേക്ക് കക്കൂസ് മാലിന്യം വരെ ഒഴുക്കുന്നുണ്ട് എന്ന് നാട്ടുകാർ പറയുന്നു. മഴവെള്ളമല്ലാതെ ഓടകളിലേയ്ക്ക് മറ്റൊരു തരത്തിലുള്ള മാലിന്യങ്ങളും ഒഴുക്കാൻ പാടില്ലെന്നിരിക്കെയാണ് ബിൽഡിംഗ് ഓണർമാരുടെ അറിവോടെ നടത്തിപ്പുകാർ ഇത്തരം പണികൾ നടത്തുന്നത്. മണ്ണും ചെളിയും നിറഞ്ഞ് ജനങ്ങളെ രോഗികളാക്കുന്ന തരത്തിൽ ഓടകളിൽ കൊതുകുകൾ പെരുകാനും ഇത് ഇടയാക്കുന്നുണ്ട്.