family

കാസർകോട്: കാൽ നൂറ്റാണ്ട് കഴിഞ്ഞിട്ടും റവന്യു അധികാരികൾ അനുവദിച്ച പട്ടയ ഭൂമി കണ്ടെത്താൻ കഴിയാത്തതിന്റെ പേരിൽ കല്ല്യാണിഅമ്മയും കുടുംബവും അന്തിയുറങ്ങുന്നത് ഇപ്പോഴും ഓലമേഞ്ഞ് താർപായ കൊണ്ട് മൂടിയ ചോർന്നൊലിക്കുന്ന കൂരയിലാണ്. പുല്ലൂർ -പെരിയ പഞ്ചായത്തിലെ നാലാംവാർഡിലെ കനിംകുണ്ട് കലാം കോളനിയിലെ പട്ടിക വർഗ്ഗ വിഭാഗത്തിൽപെട്ട എച്ച്. കല്ല്യാണിയമ്മയ്ക്കും കുടുംബത്തിനുമാണ് ഈ ദുർഗതി.

കോളനിയിയിലെ ചോർന്നൊലിക്കുന്ന ചെറ്റക്കുടിലിൽ താമസിക്കുന്ന എൺപത് കഴിഞ്ഞ കല്യാണിയമ്മയുടെ കുടുംബം 2018ൽ പുല്ലൂർ-പെരിയ പഞ്ചായത്തിലെ ലൈഫ് ഭവനപദ്ധതിയുടെ പട്ടികയിൽ ഉൾപ്പെട്ടപ്പോൾ ഏറെ സന്തോഷിച്ചതാണ്. കല്ല്യാണിയമ്മയും അറുപത് കഴിഞ്ഞ മകൾ കാർത്ത്യായനിയും അവരുടെ മകൾ ഉഷയും കൗമാരക്കാരായ രണ്ട് പെൺമക്കളുമടങ്ങുന്ന കുടുംബത്തിന് അടച്ചുറപ്പുള്ളൊരു വീടെന്ന സ്വപ്നം അധികം താമസിയാതെ യാഥാർത്ഥ്യമാകുമെന്ന ആശ്വാസമായിരുന്നു അന്ന്. എന്നാൽ വീട് നിർമ്മിക്കാനുള്ള സ്ഥലത്തിന്റെ സൈറ്റ് പ്ലാൻ തയ്യാറാക്കുന്നതിനായി റവന്യൂ അധികാരികളെ സമീപിച്ചപ്പോഴാണ് ഇത്രയും കാലം തങ്ങളുടെ കൈവശമുണ്ടായിരുന്ന പട്ടയം നിലവിൽ താമസിക്കുന്ന സ്ഥലത്തിന്റേതല്ലെന്ന യാഥാർത്ഥ്യം അവർ തിരിച്ചറിഞ്ഞത്.

റവന്യൂ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം പട്ടയത്തിൽ കാണിച്ചിട്ടുള്ള സർവേ നമ്പറും അതിർത്തികളും മറ്റൊരു സ്ഥലത്തിന്റേതായിരുന്നു. 1996 ൽ കാർത്യായനിയുടെ പേരിൽ അനുവദിച്ച് കിട്ടിയ പട്ടയം ലഭിച്ച ഭൂമിയും യഥാർത്ഥ ഭൂമിയും മാറിപ്പോകുന്നത് ജില്ലയിൽ പുതിയ സംഭവമല്ല. പെരിയ വില്ലേജിൽ തന്നെയുള്ള ചെങ്ങറ കോളനിയിലും കാഞ്ഞിരടുക്കത്തെ സായിഗ്രാമം പുനരധിവാസ കേന്ദ്രത്തിലും സമാനമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പട്ടയം അനുവദിക്കുന്നതിന് മുമ്പ് കൃത്യമായ പരിശോധനകൾ നടത്താതെ റവന്യൂവകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന അനാസ്ഥയ്ക്ക് വലിയ വില നൽകേണ്ടിവരുന്നത് പാവപ്പെട്ട കുടികിടപ്പുകാരാണ്.

ഭൂമിയുടെ രേഖകൾ ശരിയാകാത്തതിനാൽ സ്വന്തമായൊരു വീടെന്ന സ്വപ്നം പൊലിഞ്ഞ കല്ല്യാണിയമ്മ ഇപ്പോഴും പഴയ ചെറ്റക്കുടിലിൽ തന്നെ കഴിയുകയാണ്. മെയ് മാസത്തിൽ തന്നെ മഴ കനത്ത് തുടങ്ങിയതോടെ തീർത്തും അപകടാവസ്ഥയിലുള്ള കുടിൽ എപ്പോൾ വേണമെങ്കിലും നിലംപൊത്താമെന്ന നിലയിലാണ്. അതേസമയം ഈ കുടുംബത്തിന് അനുവദിച്ച പട്ടയഭൂമി ഏതാണെന്ന് ചോദിക്കുമ്പോൾ റവന്യു അധികാരികൾ കൈമലർത്തുകയാണ്. അതിലേറെ വിചിത്രമായ സംഗതി കാർത്ത്യായനിക്ക് പട്ടയമായി ലഭിച്ച പെരിയ വില്ലേജിലെ സർവ്വെ നമ്പർ 341 ലെ ഭൂമിയിൽ നിന്ന് ആറു സെന്റ് സ്ഥലം അവരുടെ മകൾ എച്ച്. ഉഷയുടെ പേരിൽ മൂന്ന് കൊല്ലം മുമ്പ് ദാനാധാരം നൽകിയിട്ടുമുണ്ട് എന്നതാണ്. അനുവദിച്ച ഭൂമിയെ സംബന്ധിച്ച് സംശയം നിലനിൽക്കുമ്പോൾ ഈ ഭൂമി എങ്ങിനെ മറ്റൊരാൾക്ക് ആധാരം ചെയ്തുനൽകുന്നു എന്നതും ദുരൂഹമാണ്. റവന്യു അധികാരികളുടെ അനാസ്ഥ കാരണം ഓലമേഞ്ഞ കൂരയിൽ തന്നെ ഇനിയും എത്രകാലം കാത്തിരിക്കണം ഈ അമ്മയും കുടുംബവും. ഇവർക്ക് ലഭിച്ച പട്ടയഭൂമി എവിടെയെന്ന ചോദ്യത്തിനും അധികാരികൾക്ക് ഉത്തരമില്ലാതായ സ്ഥിതിക്ക് കാത്തിരുപ്പ് ഏറെ നീളാനാണ് സാദ്ധ്യത.