rajinikanth

സൂപ്പർ സ്റ്റാർ രജനികാന്ത് രണ്ടാം ഡോസ് കൊവിഡ് - 19 വാക്സിനും സ്വീകരിച്ചു. കഴിഞ്ഞ ദിവസം ചെന്നൈ പോയസ് ഗാർഡനിലുള്ള തന്റെ വസതിയിൽ വച്ചാണ് താരം രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചത്.

എഴുപതുകാരനായ താരം ഏപ്രിലിലാണ് ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചത്. ഹൈദരാബാദിൽ ഒരു മാസത്തോളം നീണ്ടുനിന്ന അണ്ണാത്തെയുടെ ഷെഡ്യൂൾ പൂർത്തിയാക്കി കഴിഞ്ഞ ബുധനാഴ്ചയാണ് രജനികാന്ത് ചെന്നൈയിൽ തിരിച്ചെത്തിയത്.

തിരിച്ചെത്തിയ താരത്തെ ഭാര്യ ലത ആരതിയുഴിഞ്ഞ് സ്വീകരിക്കുന്ന ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിരുന്നു.

ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിലായിരുന്നു അണ്ണാത്തെയുടെ ഷൂട്ടിംഗ്. രജനിക്കും ടീമംഗങ്ങൾക്കും ഫിലിം സിറ്റി അധികൃതർ പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയിരുന്നു.

തെലങ്കാന സർക്കാർ ലോക്‌ഡൗൺ പ്രഖ്യാപിച്ചതോടെയാണ് അണ്ണാത്തെയുടെ ഷൂട്ടിംഗ് നിറുത്തിവച്ചത്. സൺ പിക്‌ചേഴ്സ് നിർമ്മിച്ച് ശിവ സംവിധാനം ചെയ്യുന്ന അണ്ണാത്തെയിൽ നയൻതാര, കീർത്തി സുരേഷ്, ഖുശ്‌ബു, മീന, സൂരി, പ്രകാശ് രാജ്, ജാക്കി ഷ്‌റോഫ്, ജഗപതി ബാബു എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.

2021 ദീപാവലിക്ക് അണ്ണാത്തെ റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം. ചിത്രത്തിന്റെ ഹൈദരാബാദ് ഷെഡ്യൂൾ പൂർത്തിയാക്കി പ്രത്യേക ജെറ്റ് വിമാനത്തിൽ രജനി ചെന്നൈയിലേക്ക് മടങ്ങുന്ന ചിത്രങ്ങളും സമൂഹ മാദ്ധ്യമങ്ങളിൽ തരംഗമായിരുന്നു.