കൊച്ചി: നടൻ രാജൻ പി. ദേവിന്റെ മകൻ ഉണ്ണി പി.ദേവിന്റെ ഭാര്യയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം പൊലീസിൽ പരാതി നൽകി, തന്നെ മാനസികമായും ശരീരികമായി പീഡിപ്പിക്കുകയാണെന്ന് കാട്ടി ഉണ്ണിയുടെ ഭാര്യ പ്രിയങ്ക തിരുവനന്തപുരം വട്ടപ്പാറ സ്റ്റേഷനിൽ കൊടുത്ത പരാതി ഇന്നലെ അങ്കമാലി പൊലീസിന് കൈമാറി. അങ്കമാലി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കറുകുറ്റിയിലാണ് ഉണ്ണിയും കുടുംബവും താമസിക്കുന്നത്. പരാതി കൈമാറി കിട്ടിയതിനെ തുടർന്ന് ഉണ്ണിയെ തിരിക്കി കുറുകുറ്റിയിലെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. വീട് പൂട്ടിയിട്ട നിലയിലായിരുന്നു. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
രണ്ട് ദിവസം മുമ്പ് പ്രിയങ്ക ആത്മഹത്യ ചെയ്തിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് വട്ടപ്പാറ തിരുവനന്തപുരം പൊലീസിന് നൽകിയ പരാതിയാണ് മരിച്ചതിന് ശേഷം അങ്കമാലി പൊലീസിന് കൈമാറിയത്. സംഭവത്തിൽ സ്ത്രീപീഡനം, ആത്മഹത്യാ പ്രേരണ, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകൾ ചേർത്ത് വട്ടപ്പാറ പൊലീസ് ഉണ്ണിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഉണ്ണിക്കൊപ്പം കറുകുറ്റിയിലെ വീട്ടിലായിരുന്നു പ്രിയങ്കയും താമസിച്ചുകൊണ്ടിരുന്നത്. ഇരുവരുടെയും കുടുംബജീവിതത്തിൽ അസ്വാരസ്യങ്ങൾ രൂക്ഷമായതോടെ പ്രിയങ്ക തിരുവനന്തപുരം വെമ്പായത്തെ വീട്ടിലേക്ക് പോയി. തുടർന്നാണ് പരാതിയുമായി പ്രിയങ്ക പൊലീസിനെ സമീപിച്ചത്. പിന്നാലെ ആത്മഹത്യ ചെയ്യുകയായിരുന്നു.
പ്രിയങ്കയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ ഉണ്ടായിരുന്നെന്ന് പരാതിയിൽ പറയുന്നു. പ്രിയങ്ക വിളിച്ചുപറഞ്ഞതനുസരിച്ച് താൻ കൊച്ചിയിലെത്തി കൂട്ടിക്കൊണ്ടു വരികയായിരുന്നെന്ന് സഹോദരൻ വിഷ്ണു പറഞ്ഞു. അന്നു വൈകിട്ടുതന്നെ വട്ടപ്പാറ പൊലീസിലും പരാതി നൽകി. പിറ്റേന്നാണ് പ്രിയങ്ക ആത്മഹത്യ ചെയ്തത്. ദേഹത്ത് കടിച്ച പാടും നീരും ഒക്കെ പ്രിയങ്ക കാണിച്ചു തന്നതായും വിഷ്ണു വെളിപ്പെടുത്തി. തിരുവനന്തപുരം മെഡിക്കൽ കോളജിൽ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യും. ഒന്നര വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം.