1

പൂവാർ: അതിശക്തമായ മഴയെ തുടർന്ന് വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് 13 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. കോട്ടുകാൽ ഗ്രാമ പഞ്ചായത്തിലെ തീരദേശമായ അടിമലത്തുറയിലാണ് കഴിഞ്ഞ ദിവസം കുടുംബങ്ങളെ മാറ്റിപാർപ്പിച്ചത്. അടിമലത്തുറ ഇടവകയുടെ കീഴിലുള്ള ഫാത്തിമ മാതാ അനിമേഷൻ സെന്ററിലേക്കാണ് ഇവരെ മാറ്റിപാർപ്പിച്ചത്. മഴയെ തുടർന്ന് പ്രദേശം മുഴുവനും വെള്ളത്തിൽ മുങ്ങുകയായിരുന്നു. നിയുക്ത എം.എൽ.എ എം. വിൻസെന്റ്,​ ജില്ലാ പഞ്ചായത്ത് അംഗം വിനോദ് കോട്ടുകാൽ, പഞ്ചായത്ത് പ്രസിഡന്റ് ജെറോം ദാസ് തുടങ്ങിയവർ സംഭവ സ്ഥലം സന്ദർശിച്ചു. എം.എൽ.എ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ പമ്പുകൾ പ്രയോഗിച്ച് കെട്ടിനിന്ന വെളളം പമ്പു ചെയ്ത് മാറ്റിയിരുന്നു. എന്നാൽ ഇന്നലെ പെയ്ത മഴയെ തുടർന്ന് പ്രദേശത്ത് വീണ്ടും വെള്ളം കയറി. നിരവധി വീടുകൾക്ക് കേട് പാടുകൾ സംഭവിച്ചു. വീടുകളിൽ താമസിക്കാൻ കഴിയാത്തവരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്.