വർക്കല: ശക്തമായ പേമാരിയിൽ വർക്കലയിലും സമീപപ്രദേശങ്ങളിലും മരങ്ങളും വൈദ്യുതി പോസ്റ്റുകളും ലൈൻ കമ്പികളും പൊട്ടി വീണു. പുന്നമൂട് ജംഗ്ഷനിൽ റെയിൽവേ
ഗേറ്റിന് സമീപമുള്ള കൂറ്റൻ ആൽമരം റോഡിലേക്ക് കടപുഴകി മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. 5 ഓളം വൈദ്യുതി പോസ്റ്റുകൾക്ക് കേടുപാട് സംഭവിച്ചു. ഇന്നലെ രാവിലെ 8 മണിയോടെയായിരുന്നു സംഭവം. നൂറ്റാണ്ടുകൾ പഴക്കമുള്ള ആൽമരം രണ്ടുദിവസമായി പെയ്ത കനത്ത മഴയെത്തുടർന്നാണ് കടപുഴകിയത്. ആൽമരത്തിനോട് ചേർന്ന് ഗണപതി ക്ഷേത്രവുമുണ്ട്. ക്ഷേത്രത്തിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. ക്ഷേത്രത്തിന് എതിർഭാഗത്ത് ഉണ്ടായിരുന്ന വീരജവാന്റെ സ്മൃതി മണ്ഡപവും തകർന്നു. രണ്ട് ബൈക്കിനും കേടുപാടുകൾ സംഭവിച്ചു.
ലോക് ഡൗൺ ആയതിനാൽ റോഡിൽ ആരുമുണ്ടായിരുന്നില്ല. വർക്കല ഫയർ ഫോഴ്സ്, പൊലീസ്, ഡിഫൻസ് ടീം, കെ.എസ്.ഇ.ബി, പുന്നമൂട്ടിലെയും പരിസര പ്രദേശങ്ങളിലെയും സന്നദ്ധപ്രവർത്തകർ തുടങ്ങിയവർ ചേർന്നാണ് ആൽമരം മുറിച്ചുമാറ്റി മാർഗ്ഗതടസ്സം ഒഴിവാക്കിയത്. അഡ്വ. വി. ജോയി എം.എൽ.എ, നഗരസഭാ ചെയർമാൻ കെ.എം. ലാജി, കൗൺസിലർമാരായ പ്രദീപ്, അനീഷ്, റെയിൽവേസ്റ്റേഷൻ മാസ്റ്റർ പ്രസന്നകുമാർ തുടങ്ങിയവർ സ്ഥലത്തെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. റെയിൽവേ സ്റ്റേഷൻ റോഡിൽ റെയിൽവേ പുറമ്പോക്കിൽ നിന്ന പാഴ് മരം റോഡിന് കുറുകെ വീണ് ഗതാഗതം തടസ്സപ്പെട്ടു. ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ പുത്തൻവീട്ടിൽ വസന്തന്റെ വീട് ഭാഗികമായി തകർന്നു.
കുടവൂർ എസ്.എൻ.വി. ഹൗസിൽ ഹരിദാസിന്റെ വീട് ഭാഗികമായി തകർന്നു. അയിരൂർ എസ്.ആർ ഭവനിൽ ഷെർളിയുടെ വീടിന്റെ അടുക്കളയുടെ ഒരു ഭാഗം ഇടിഞ്ഞുവീണു. വലിയന്റകുഴി കൊച്ചൻകോണം കൃഷ്ണകുമാറിന്റെ വീടിന്റെ ഓടുകൾ തകർന്നു. വെട്ടൂർ പുന്ന വിളയിൽ അൽ അമീന്റെ വീടിന്റെ ചുറ്റുമതിൽ തകർന്നു. മാവിൻ മൂടിൽ രാജേന്ദ്രബാബുവിന്റെ വീട്ടിൽ ഇടിമിന്നലിൽ മീറ്ററും മോട്ടോർ ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ചെമ്മരുതി കല്ലണയാറിൽ ജലനിരപ്പ് ഉയർന്നു. പുന്നമൂട് ജവഹർ പാർക്ക്, മൈതാനം റെയിൽവേ അടിപ്പാത, എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു തീരദേശ മേഖലയായ ചിലക്കൂർ, വള്ളക്കടവ്, എന്നിവിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. വെട്ടൂർ പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ വീടുകളിലേക്ക് വെള്ളം കയറി.