വെള്ളറട: കഴിഞ്ഞ രണ്ടുദിവസമായി പെയ്യുന്ന ശക്തമായ മഴയെ തുടർന്ന് ഇന്നലെ വെള്ളറട കൊല്ലകുടികയറ്റത്ത് മരുകന്റെ വീടിന്റെ ചുമര് ഇടിഞ്ഞുവീണു. വീട്ടിലുണ്ടായിരുന്നവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടിട്ടുണ്ട്. കുടപ്പനമൂട്ടിൽ മഴയെ തുടർന്ന് റോഡിന്റെ സൈഡ് വാൾ ഇടിഞ്ഞുവീണിട്ടുണ്ട്. വെള്ളറട നെടുമങ്ങാട് റോഡിൽ കുടപ്പനമൂട്ടിൽ ഷാഹുൽ ഹമീദിന്റെ വീട്ടിന്റെ മുന്നിലെ ഭാഗം തകർന്നുവീണു. വീട് അപകടാവസ്ഥയിലാണ്. വെള്ളത്തിന്റെ ശക്തമായ ഒഴുക്കിനെ തുടർന്നാണ് കെട്ട് തകർന്നത്. മഴയിൽ രണ്ടു ദിവസമായി വൈദ്യുതി ഭാഗികമായാണ് ലഭിക്കുന്നത്. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലർച്ചെ മുതൽ ഉച്ചവരെയും വെള്ളറടയിലും പരിസര പ്രദേശങ്ങളിലും വൈദ്യുതി ബന്ധം നിലച്ചിരുന്നു. മരങ്ങൾ കടപുഴകി വൈദ്യുതി ലൈനുകൾ തകർന്നതാണ് വൈദ്യുതി ബന്ധം തകരാറിലാകാൻ കാരണമെന്ന് അധികൃതർ പറഞ്ഞു.