chellanam

ചുഴലി ഇന്ന് കേരള തീരം വിടും

തിരുവനന്തപുരം: അറബിക്കടലിന്റെ തീരത്ത് ഭീതിയും മഴയും വിതയ്‌ക്കുന്ന ടൗക്‌‌ തേ ചുഴലിക്കാറ്റ് ഇന്നലെ ഉച്ചയോടെ കണ്ണൂരിന്റെ തെക്കുപടിഞ്ഞാറ് തീരത്തിന് 320കിലോമീറ്റർ അടുത്തെത്തി. കേരള തീരത്തേക്ക് അടുക്കാതെ വടക്ക് പടിഞ്ഞാറ് ദിശയിലേക്കാണ് നീങ്ങുന്നത്.

കടലിൽ ലക്ഷദ്വീപിലെ അമിനി ദീപുകൾക്കടുത്താണ് ന്യൂനമർദ്ദത്തിന്റെ കേന്ദ്രസ്ഥാനം. കേന്ദ്രസ്ഥാനത്തിന് മണിക്കൂറിൽ 19കിലോമീറ്ററാണ് വേഗത. ഇതുമൂലം ഇന്നുമുതൽ നാളെ രാവിലെ വരെ കേരള തീരത്ത് മണിക്കൂറിൽ 70കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാനും കടൽ പ്രക്ഷുബ്ധമാകാനും തീരത്തേക്ക് അടിച്ചുകയറാനുമൊക്കെ സാദ്ധ്യതയുണ്ട്. കനത്ത മഴയും ഉണ്ടാകും. ഇന്നത്തോടെ ടൗക്‌ തേ ചുഴലിക്കാറ്റ് മൂലമുള്ള മഴയുടെ ശക്തി കുറയാനാണ് സാദ്ധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. എങ്കിലും തിങ്കളാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായി മഴയുണ്ടാകും.

ടൗക്‌‌ തേ നാളെ വടക്കൻ കർണാടക, മഹാരാഷ്ട്ര, ഗോവൻ തീരങ്ങളിൽ മണിക്കൂറിൽ നൂറ് കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റടിക്കാനിടയാക്കും. അവിടെയും തീരം തൊടില്ല. ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച് മേഖലയിലായിരിക്കും കൂടുതൽ നാശമുണ്ടാക്കുക. അവിടെ മണിക്കൂറിൽ 115കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കും. കനത്ത മഴയും പെയ്യിക്കും. കഴിഞ്ഞ വർഷത്തെ നിസർഗ ചുഴലിക്കാറ്റിന് സമാനമാണ് ടൗക്‌ തേയുടേയും സഞ്ചാരപഥം.

 ജാഗ്രത

സംസ്ഥാനത്ത് ചുഴലിക്കാറ്റ് നാശം വിതയ്ക്കാനിടയില്ലെങ്കിലും ജാഗ്രതാമുന്നറിയിപ്പുണ്ട്. ശക്തമായ മഴയ്ക്കും വേഗതയേറിയ കാറ്റിനും കടൽക്ഷോഭത്തിനും ഇടയുള്ളതിനാൽ വിവിധ വകുപ്പുകളും പൊലീസും അഗ്നിശമന സേനയും കളക്ടറേറ്റുകളും ദുരന്തനിവാരണ അതോറിറ്റിയും ജാഗ്രതയിലാണ്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ചികിത്സാസംവിധാനത്തെ ബാധിക്കാതിരിക്കാൻ പൊതുമരാമത്ത്, ആരോഗ്യം, വൈദ്യുതി വകുപ്പുകളും മുൻകരുതലുകളെടുത്തിട്ടുണ്ട്. അപകടസാദ്ധ്യത പൂർണ്ണമായും ഒഴിയുന്നത് വരെ മത്സ്യത്തൊഴിലാളികൾ കടലിൽ ഇറങ്ങരുത്.

ഇന്ന് മലപ്പുറം മുതൽ കാസർകോട് വരെ റെഡ് അലർട്ട്

തൃശൂർ മുതൽ കൊല്ലം വരെ ഒാറഞ്ച് അലർട്ട്.

തിരുവനന്തപുരത്തും പാലക്കാട്ടും ഇന്ന് മഴ കുറവായിരിക്കും.ഇവിടങ്ങളിൽ യെല്ലോ അലർട്ട്.