ചിറയിൻകീഴ് : മഴയ്‌ക്ക് പിന്നാലെ കടൽക്ഷോഭം ശക്തമായതോടെ ചിറയിൻകീഴ് തീരദേശമേഖലയിൽ ജനങ്ങൾ ആശങ്കയിൽ. പെരുമാതുറ താഴംപള്ളി മുതൽ അഞ്ചുതെങ്ങ് വരെയുള്ള മേഖലയിലെ നൂറോളം വീടുകളിൽ വെള്ളം കയറി. ഇന്നലെ ഉച്ചയോടെയാണ് തിരയടി ശക്തമായത്.
ഉയർന്നുപൊങ്ങിയ തിരമാലകൾ മിക്ക വീടുകളിലും വൻ നാശനഷ്ടങ്ങമാണുണ്ടാക്കിയത്. താഴംപള്ളി - അഞ്ചുതെങ്ങ് റോഡിന് പടിഞ്ഞാറുവശത്ത് കടലിനോട് ചേർന്നുള്ള വീടുകൾക്കാണ് കൂടുതൽ നാശമുണ്ടായത്. വാതിലുകളും ജനലുകളും ചുവരുകളും ഗൃഹോപകരണ സാധനങ്ങളും നശിച്ചു. താഴംപള്ളി - അഞ്ചുതെങ്ങ് റോഡിൽ വെള്ളവും മണ്ണും നിറഞ്ഞതിനാൽ ഇതുവഴിയുള്ള ഗതാഗതം താത്കാലികമായി നിറുത്തിവച്ചു. പൂത്തുറ മുഞ്ഞമൂട് ഭാഗത്തുള്ള 40ഓളം കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറി.
ക്യാമ്പുകളിൽ വരാൻ ജനങ്ങൾ തയ്യാറാകാത്തതിനാൽ ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പരിധിയിൽ ക്യാമ്പുകൾ ഇതുവരെ തുടങ്ങിയില്ല. അഞ്ചുതെങ്ങ് സെന്റ് ജോസഫ് ഹൈസ്‌കൂളിൽ ആരംഭിച്ച ക്യാമ്പിൽ ഏഴ് കുടുംബങ്ങളും ബി.വി.എൽ.പി.എസിൽ ആരംഭിച്ച ക്യാമ്പിൽ നാല് കുടുംബങ്ങളുമെത്തി. ആവശ്യമെങ്കിൽ കൂടുതൽ ക്യാമ്പുകൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
നിയുക്ത എം.എൽ.എ വി. ശശി, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മുരളി, അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു, തഹസീൽദാർ ജാസ്‌മിൻ ജോർജ്, വില്ലേജ് ഓഫീസർമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ അടക്കമുള്ളവർ സ്ഥലം സന്ദർശിച്ചു.