car

നെയ്യാറ്റിൻകര: കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത കനത്ത മഴയിൽ നെയ്യാറ്റിൻകരയിൽ വ്യാപകനാശം. കനത്ത മഴയെതുടർന്ന് നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറുകയും ചെയ്തു. ശക്തമായ മഴയിൽ കോട്ടുകാൽ അവണാകുഴി അശ്വതി ഭവനിൽ മധുവിന്റെ ഇരുനില വീടിന്റെ കാർഷെ‌ഡ് ഇടിഞ്ഞുവീണ് കാർ തകർന്നു. അയൽവാസിയായ മധുസൂദനന്റെ മതിൽ തകർന്നുവീണ് നായനാർ നഗർ റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി സുരേഷ് കുമാറിന്റെ വീടിന്റെ കാർ ഷെഡ്, ബൈക്ക്, ഇന്റർലോക്ക് ചെയ്ത തറ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചു. സമീപത്ത് ആളുകളില്ലാത്തതിനാൽ വൻദുരന്തമാണ് ഒഴിവായത്. കനത്ത മഴയെ തുടർന്ന് നെയ്യാറ്റിൻകരയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. ഏക്കറുകണക്കിന് കൃഷിയിടങ്ങളിലും വെള്ളം കയറി നാശനഷ്ടമുണ്ടായിട്ടുണ്ട്. നെയ്യാറ്റിൻകര, കണ്ണംകുഴി, രാമേശ്വരം, മരുതത്തൂർ, ചായ്ക്കോട്ടുകോണം, മണലൂർ,​ ഊരൂട്ടുകാല ഏലാ പ്രദേശങ്ങളും,​ കൊല്ലയിൽ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയാലായി. വ്യാപകമായി ഈ പ്രദേശങ്ങളിൽ കൃഷിയും നശിച്ചിട്ടുണ്ട്. വാഴ,​ വെണ്ട,​ ചീര,​ പയർ തുടങ്ങിയ ഇനങ്ങളാണ് നശിച്ചവയിൽ അധികവും. രണ്ട് ദിവസമായി ചില പ്രദേശങ്ങളിലെ കൃഷി ഭൂമിയിൽ നിന്ന് വെള്ളം ഇറങ്ങാത്തതിനാൽ ചീര,​ പയർ പോലുള്ള കൃഷികൾ അഴുകിത്തുടങ്ങിയിട്ടുണ്ട്. മഴ രണ്ട് ദിവസം കൂടി തുടർന്നാൽ പ്രദേശത്തെ വാഴകളെല്ലാം നിലംപൊത്തുമെന്ന ഭീതിയിലാണ് വാഴക്കർഷകർ. കടം വാങ്ങിയും ലോണെടുത്തുമൊക്കെയാണ് ഈ പ്രദേശത്തെ മിക്കവരും കൃഷിയിറക്കിയിട്ടുള്ളത്.