വർക്കല: താലൂക്ക് പരിധിയിൽ വെള്ളപ്പൊക്ക സാധ്യതയുള്ള വിവിധ വില്ലേജ് പരിധിയിലെ സ്ഥലങ്ങൾ ഡെപ്യൂട്ടി കളക്ടറും വർക്കല താലൂക്കിന്റെ ഇൻസിഡന്റ് കമാൻഡറുമായ അഹമ്മദ് കബീറും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. അടിയന്തിര സാഹചര്യത്തിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് തഹസിൽദാർ, ഡെപ്യൂട്ടി തഹസിൽദാർമാർ, വില്ലേജ് ഓഫീസർമാർ എന്നിവർക്ക് നിർദ്ദേശം നൽകി. ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങേണ്ട ആവശ്യം വന്നാൽ ജനങ്ങളെ മാറ്റി പാർപ്പിക്കുന്നതിനുള്ള കെട്ടിടങ്ങൾ കണ്ടെത്തി. കൊവിഡ് രോഗികൾക്കും ക്വാറന്റെനിൽ കഴിയുന്നവർക്കും പ്രത്യേകം കെട്ടിടങ്ങൾ സജ്ജമാക്കി. കടൽക്ഷോഭം നേരിട്ട് ബാധിക്കുന്ന വില്ലേജുകളായ വർക്കല, വെട്ടൂർ, ഇടവ വില്ലേജുകളിലെ തീരദേശ പ്രദേശങ്ങൾ വി. ജോയി എം.എൽ. എ. മുൻസിപ്പൽ ചെയർമാൻ കെ.എം ലാജി, തഹസിൽദാർ ഷിബു.പി. ഭൂരേഖ തഹസിൽദാർ എസ്. ഷാജി എന്നിവർ വിവിധ ഇടങ്ങൾ സന്ദർശിച്ചു.
ഒറ്റൂർ പഞ്ചായത്തിൽ നെല്ലിക്കോട് ഭാഗത്ത് പി.ഡബ്ല്യു.ഡി റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ട് സമീപത്തെ വീടുകളിലേക്ക് വെള്ളം കയറുന്നതിനിടയാക്കുന്ന സാഹചര്യം ഒഴിവാക്കാൻ ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതർക്ക് നിർദ്ദേശം നൽകി. വർക്കല കല്ലമ്പലം റോഡിൽ ചേന്നൻകോട് ജംഗ്ഷനിൽ ഓട് നിറഞ്ഞുണ്ടായ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടികൾ സ്വീകരിച്ചു. വർക്കല പാപനാശം കുന്നുകളിൽ മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും ജനങ്ങളെ ഒഴിപ്പിച്ചു. ഡെപ്യൂട്ടി തഹസിൽദാർമാരുടെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം താലൂക്ക് ഓഫീസിൽ തുടങ്ങിയിട്ടുണ്ട്. വിവരങ്ങൾക്ക് - (0470 2613222, 9497711286.