d

തിരുവനന്തപുരം:ജില്ലയിൽ നിയന്ത്രണങ്ങൾ കടുക്കുന്നു. കൊവിഡ് വ്യാപനം പിടിച്ചുനിറുത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ട്രിപ്പിൾ ലോക്ക് ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങളിലേക്ക് വരും ദിവസങ്ങളിൽ തലസ്ഥാനം കടക്കുന്നത്. തിരുവനന്തപുരം അടക്കം നാല് ജില്ലകളിൽ നാളെ മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഇന്നലെ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്തതിനാലാണ് ജില്ല ട്രിപ്പിൾ ലോക്കിലേക്ക് നീങ്ങുന്നത്. രോഗവ്യാപനം കുറയ്ക്കാൻ വിദഗ്ദ്ധാഭിപ്രായം കണക്കിലെടുത്താണ് കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണം ആശങ്കാജനകമായി വർദ്ധിക്കുകയാണ്.ഇന്നലെയും രോഗികളുടെ എണ്ണം നാലായിരം കവിഞ്ഞു.സംസ്ഥാനത്ത് ഇന്നലെ ഏറ്റവും കൂടുതൽ പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തതും തലസ്ഥാനത്താണ്. 4567 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ജില്ലയിലെ ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധനയാണിത്. വ്യാഴാഴ്ച 4050 പേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. വെറും രണ്ട് ദിവസം കൊണ്ട് 8,617 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം കഴിഞ്ഞ രണ്ട് ദിവസത്തിനിടയിൽ രോഗമുക്തി നേടിയത് 5,299 പേർ മാത്രമാണ്.

ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.3 ശതമാനമാണ്. രോഗം സ്ഥിരീകരിച്ചവരിൽ 4,346 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതിൽ 11 പേർ ആരോഗ്യ പ്രവർത്തകരാണ്.വ്യാഴാഴ്ച 10 ആരോഗ്യപ്രവർത്തകരും രോഗബാധിതരായിരുന്നു. ഇന്നലെ 2,802 പേർ രോഗമുക്തരായി. 44,934 പേരാണ് രോഗം സ്ഥിരീകരിച്ച് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്.പുതുതായി 6,205 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇതോടെ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 97,433 ആയി. 5,496 പേർ നിരീക്ഷണകാലം പൂർത്തിയാക്കി.


കണ്ടെയ്ൻമെന്റ് സോൺ

കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് കിഴുവിലം ഗ്രാമപഞ്ചായത്തിലെ മുടപുരം, കിഴുവിലം, കുന്നുവാരം, വൈദ്യന്റെമുക്ക്, തോട്ടവാരം, അമ്പൂരി ഗ്രാമപഞ്ചായത്തിലെ മായം, പഞ്ചായത്ത് ഓഫീസ് വാർഡ്, കൂട്ടപ്പൂ, തുടിയംകോണം എന്നീ പ്രദേശങ്ങളെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു.

 കൊവിഡ് ഇന്നലെ

രോഗികൾ - 4567

സമ്പർക്ക രോഗികൾ - 4,346

രോഗമുക്തി - 2,802

ആകെ രോഗികൾ - 44,934

നിരീക്ഷണത്തിലുള്ളവർ - 97,433