pozhiyoor

 20 വീടുകളും തീരദേശ റോഡും തകർന്നു

പാറശാല: കടൽക്ഷോഭം രൂക്ഷമായ പൊഴിയൂരിൽ തെക്കേകൊല്ലങ്കോട് തീരത്തെ 20 വീടുകൾ തകർന്നു. തീരദേശറോഡ് തകർന്നതോടെ പ്രദേശത്തേക്കുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു. കുടുംബങ്ങളെ പൊഴിയൂർ ഗവ.യു.പി സ്‌കൂൾ, സെന്റ് മാത്യൂസ് ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലെ ക്യാമ്പുകളിലേക്ക് മാറ്റി. തീരത്തെ 30 കുടുംബങ്ങളെയും ക്യാമ്പിലേക്ക് മാറ്റി.

തീരത്തായി സ്ഥാപിച്ചിരുന്ന കരിങ്കൽ ഭിത്തി പൂർണമായും തകർന്നതിനെ തുടർന്നാണ് കടലാക്രമണം പതിവായത്. തമിഴ്‌നാട് സർക്കാർ അതിർത്തിക്കടുത്ത് കൃത്രിമ പുലിമുട്ട് നിർമ്മിച്ചതാണ് കേരളത്തിലെ തീരത്തേക്ക് കടലാക്രമണം രൂക്ഷമാകാൻ കാരണമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

പൊഴിയൂരിൽ കടൽഭിത്തി നിർമ്മിക്കുന്നതിനായി പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. തീരദേശ റോഡ് തകർന്നതോടെ പൊഴിയൂരിലെ മത്സ്യത്തൊഴിലാളികൾക്ക് വള്ളവിള, നീരോടി തുടങ്ങിയ മേഖലകളിലേക്ക് എത്തിച്ചേരുന്നതിന് ഉച്ചക്കട, പഴയ ഉച്ചക്കട, കാക്കവിള, കൊല്ലങ്കോട് വഴി ഏഴ് കിലോമീറ്ററോളം ദൂരം യാത്രചെയ്യേണ്ടിവരും.