kulathoor

പാറശാല: കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയെ തുടർന്ന് കുളത്തൂർ ഗ്രാമ പഞ്ചായത്തിൽ ഹൈസ്കൂൾ വാർഡിലെ വലിയതോട് ബണ്ട് തകർന്ന് വൻ കൃഷി നാശം. വലിയതോടിൽ പാലത്തിന്റെ നിർമ്മാണം തുടരവെയാണ് തോടിന്റെ ബണ്ട് തകർന്നത്. ബണ്ടു തകർന്നത് കാരണം വെള്ളം സമീപത്തെ വീടുകളിലേക്കും അംഗനവാടി, സർക്കാർ ഹോമിയോ ആശുപത്രി എന്നിവിടങ്ങളിലേക്കും ഇരച്ചുകയറി. ബണ്ട് പൊട്ടി വെള്ളം കയറിയതിനാൽ പ്രദേശത്തെ കൃഷി സ്ഥലങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. എം.എൽ.എയുടെ ആസ്തി വികസഫണ്ട് ഉപയോഗിച്ച് കരാളി തോട്ടിന് കുറുകെ ഊടുപോക്കിരി പാലം നിർമ്മിക്കുന്നതിനായി 8,​37,​952 രൂപ അനുവദിച്ചിരുന്നു. നിർമ്മാണത്തിലെ അപാകത നാട്ടുകാർ ചോദ്യം ചെയ്തതിനെ തുടർന്ന് കരാറുകാരൻ പണി പൂർത്തിയാക്കാതെ കടന്നുകളഞ്ഞെന്നും നാട്ടുകാർ പറയുന്നു.