50 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്ന് വിലയിരുത്തൽ
നെയ്യാറ്റിൻകര: കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയിൽ വെള്ളം കയറിയതിനാൽ പെരുങ്കടവിള പഞ്ചായത്തിൽ വ്യാപകമായി കൃഷിനാശം ഉണ്ടായി. 50 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് വിലയിരുത്തൽ. പെരുങ്കടവിള വാർഡിൽ നെല്ലിയറത്തല തോട് ബണ്ട് തകരന്നതാണ് കൃഷിയിടങ്ങളിലേക്ക് വെള്ളം കയറാൻ കാരണം. വാർഡിലെ രാജമണി എന്ന കർഷകൻ പാട്ടത്തിനെടുത്ത് കൃഷി നടത്തിയിരുന്ന 50 സെന്റ് ഭൂമിയിലെ മരച്ചീനി, വാഴ, പച്ചക്കറികൾ എന്നിവ പൂർണമായും നശിച്ചു. പഴമല വാർഡിൽ പെരുങ്കടവിള ചന്തയ്ക്ക് സമീപം റോഡിലെ പാർശ്വഭിത്തി തകർന്ന് നിരവധി വീടുകളിലേക്ക് വെള്ളം കയറിട്ടുണ്ട്. ആങ്കോട്, പാൽക്കുളങ്ങര, വടകര, വാർഡുകളിലും വ്യാപകമായി കൃഷിനാശം ഉണ്ടായി. അണമുഖം, മാരായമുട്ടം വാർഡുകളിലെ ഏഴോളം വീടുകളിലേക്ക് വെള്ളം കയറിയതിന് പുറമെ അരുവിക്കര വാർഡിൽ മണ്ണൂർ എലാ ബണ്ട് തകർന്നതിനാൽ നിരവധി കർഷകരുടെ വിളകളും വെള്ളത്തിൽ മുങ്ങി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേന്ദ്രൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കാനക്കോട് ബാലരാജ്, ഗ്രാമ പഞ്ചായത്ത് അംഗം സ്നേഹലത, കൃഷി ഓഫീസർ മേരിലത, ഇറിഗേഷൻ അധികൃതർ, ജനപ്രതിനിധികൾ എന്നിവരങ്ങുന്ന സംഘം സ്ഥലങ്ങൾ സന്ദർശിച്ചു.