നിരവധി വീടുകൾ തകർന്നു
വ്യാപക മണ്ണിടിച്ചിലും മരം വീഴ്ചയും
അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തി
നെടുമങ്ങാട്: കാലവർഷക്കെടുതിയിൽ നെടുങ്ങാട് നഗരസഭയിലും ഉഴമലയ്ക്കൽ, ആനാട്, പനവൂർ, കുറുപുഴ, പെരിങ്ങമ്മല, നെടുമങ്ങാട് പഞ്ചായത്തുകളുലും നിരവധി വീടുകൾ തകർന്നു. ഒരു വീട് പൂർണമായും പത്തിലേറെ വീടുകൾ ഭാഗികമായും തകർന്നതായി റവന്യൂ അധികൃതർ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി. നഗരസഭയിലെ സന്നഗർ വാർഡിൽപ്പെട്ട മാധവിയുടെ വീടാണ് പൂർണമായി തകർന്നത്. കോൺക്രീറ്റ് മേൽക്കൂരയും ചുവരുകളും നിലംപൊത്തി. പുറത്തേക്കോടിയ മാധവി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പനയമുട്ടത്ത് രഞ്ജിത്തിന്റെ വീടിന് മുകളിൽ മരം വീണ് വീട് ഭാഗികമായി തകർന്നു. മണ്ണിടിച്ചിലിനെതുടർന്ന് കുപ്പക്കണം സുകുമാരപിള്ള, ചെരുക്കൂർക്കോണത്തെ ജോസ്, ആനാട് പുനവക്കുന്ന് കുന്നിൻപുറം ജയകുമാരി എന്നിവരുടെ വീടുകളും തകർന്നു. ബ്ലോക്കിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ച് നിർമ്മാണത്തിലിരുന്ന വീടാണ് ജയകുമാരിയുടേത്. ശക്തമായ കാറ്റും മഴയും രാത്രിയിലും തുടരുകയാണ്. കിള്ളിയാർ, കരമനയാർ, ചിറ്റാർ, വാമനപുരം നദീ തീരങ്ങളിലെ താമസക്കാർക്ക് റവന്യൂ, പൊലീസ് ഉദ്യോഗസ്ഥർ ജാഗ്രതാനിർദേശം നൽകി. താഴ്ന്ന പ്രദേശങ്ങളിലെ കൃഷിയിടങ്ങൾ പൂർണമായും വെള്ളത്തിനടിയിലാണ്. അരുവിക്കര ഡാമിൽ രണ്ട് ഷട്ടറുകൾ 90 സെന്റീ മീറ്റർ വീതം ഉയർത്തി. മഴ തുടർന്നാൽ തീരവാസികളെ ഒഴിപ്പിക്കണമെന്ന് ഡാം അധികൃതർ പറഞ്ഞു. തെങ്കാശി ഹൈവേയിൽ ആനാട് പുത്തൻ പാലത്തിന് സമീപം റബർ മരം വീണതിനെ തുടർന്ന് ഗതാഗതം നിലച്ചു. നെടുമങ്ങാട് ഫയർഫോഴ്സും പൊലീസും നാട്ടുകാരുടെ സഹായത്തോടെയാണ് മരം നീക്കം ചെയ്തത്. ചുള്ളിമാനൂർ - പാലോട് , വിതുര, ഉണ്ടപ്പാറ, ഇരിഞ്ചയം, വട്ടപ്പാറ, ആര്യനാട് റോഡിലും മണ്ണിടിച്ചിലും മരം വീഴ്ചയുമുണ്ടായി. നാശനഷ്ടമുണ്ടായ പ്രദേശങ്ങൾ നിയുക്തത എം.എൽ.എ ജി.ആർ. അനിൽ, ഡെെപ്യൂട്ടി കളക്ടർ രാജലക്ഷ്മി, തഹസിൽദാർ സുരേഷ് കുമാർ, നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജ, വൈസ് ചെയർമാൻ എസ്. രവീന്ദ്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. ഹരികേശൻ നായർ എന്നിവർ സന്ദർശിച്ചു. താലൂക്ക് ഓഫീസിൽ ചേർന്ന അവലോകന യോഗത്തിൽ അടിയന്തരമായി 24 മണിക്കൂർ കൺട്രോൾ തുറക്കണമെന്ന് അഡ്വ. ജി.ആർ. അനിൽ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.