കുളത്തൂർ: രോഗികളായ മാതാപിതാക്കൾക്ക് ഹോട്ടലിൽ നിന്ന് ഉച്ചഭക്ഷണം വാങ്ങാനെത്തിയ യുവാവിനെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ക്രൂരമായി മർദ്ദിച്ച ശേഷം ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതായി പരാതി. ഗുരുതരമായി പരിക്കേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കുളത്തൂർ ഗുരുനഗർ പുതുവൽ മണക്കാട് വീട്ടിൽ രമേശന്റെ മകൻ രതീഷിനെ (27) കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയോടെ കുളത്തൂർ ജംഗ്ഷനിലായിരുന്നു സംഭവം. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് തുമ്പ പൊലീസ് പറഞ്ഞു. ഡി.വൈ.എഫ്.ഐ പ്രവർത്തകന്റ വീട് മാസങ്ങൾക്ക് മുമ്പ് ആക്രമിച്ച കേസിൽ രതീഷും ഉൾപ്പെട്ടിരുന്നെന്ന് ആരോപിച്ചാണ് മർദ്ദനം.
സി.പി.എം നേതാക്കളുടെ അറിവോടെ കോൺഗ്രസ് പ്രവർത്തകനെ ആക്രമിച്ച പ്രതികളെ ഉടൻ പിടികൂടണമെന്നും അല്ലെങ്കിൽ ശക്തമായ പ്രതിഷേധസമരം സംഘടിപ്പിക്കുമെന്നും കോൺഗ്രസ് മണ്ഡലം കമ്മിറ്റി അറിയിച്ചു.