പാറശാല: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, പൊഴിയൂരിൽ കടൽക്ഷോഭത്തെ തുടർന്നുള്ള നാശനഷ്ടങ്ങൾ എന്നിവ ചർച്ച ചെയ്യുന്നതിനായി കുളത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി. സുധാർജുനന്റെ അദ്ധ്യക്ഷതയിൽ സർവകക്ഷി യോഗം ചേർന്നു. കടൽ ക്ഷോഭത്തെ തുടർന്ന് മുപ്പതോളം കുടുംബങ്ങൾക്ക് വീട് നഷ്ടപ്പെട്ടതിനെ തുടർന്ന് ക്യാമ്പുകളിലേക്ക് മാറ്റിയെങ്കിലും കാലവർഷം ശക്തമായി തുടരുന്ന സാഹചര്യത്തിൽ കൂടുതൽ പേരെ മാറ്റി പാർപ്പിച്ചതായും പ്രസിഡന്റ് അറിയിച്ചു. കടൽഭിത്തി ശക്തിപ്പെടുത്തുന്നതിനും പുലിമുട്ട് നിർമ്മിക്കുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുന്നതിനും, മൽസ്യത്തൊഴിലാളികൾക്കായി നിർമ്മിച്ചിട്ടുള്ള ഫ്ലാറ്റുകൾ അടിയന്തിരമായി തുറന്ന് കൊടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനും,​ വാക്സിൻ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനും യോഗം തീരുമാനിച്ചു