d

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കേ വീണ് പരിക്കേറ്റ വൃദ്ധ മരിച്ചു. നെടുങ്കാട് അരശുംമൂട് ടി.സി 56/1761 കീഴതിൽ വീട്ടിൽ സുശീല (74)യാണ് മരിച്ചത്.
കഴിഞ്ഞ 30നാണ് കൊവിഡ് ചികിത്സയ്ക്കായി സുശീലയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബന്ധുക്കളെത്തുമ്പോൾ സുശീലയുടെ മുഖത്തും ശരീരത്തും മുറിവേറ്റ പാടുകളുണ്ടായിരുന്നു. വീണ് പരിക്കേറ്റതെന്നാണ് സുശീല പറഞ്ഞത്. എന്നാൽ മുറിവുകൾ മരുന്നുവയ്ക്കാതെ പഴുത്ത നിലയിലായിരുന്നെന്ന് ആരോപിച്ച് ബന്ധുക്കൾ ജനറൽ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി. പക്ഷേ നടപടികളുണ്ടായില്ല. തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ സുശീല തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ശ്വാസകോശത്തിലെ അണുബാധയാണ് മരണകാരണം. ഗുരുതര പരിക്കേറ്റ വൃദ്ധയ്ക്ക് ചികിത്സ നൽകാതെ ഡിസ്ചാർജ് ചെയ്ത ആശുപത്രി അധികൃതർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നെടുങ്കാട് കൗൺസിലർ കരമന അജിത്ത് മുഖ്യമന്ത്രിക്കും,ഡി.‌ജി.പിക്കും ഡി.എം.ഒയ്ക്കും പരാതി നൽകി.